മസ്കത്ത്: വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒമാനിനായുള്ള കാമ്പയിനിന്റെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റി സദ വിലായത്തിൽ വിവിധപ്രവർത്തനങ്ങൾ നടത്തി. ശുചിത്വം, കീടനിയന്ത്രണം, വനവത്കരണം, ഭക്ഷ്യസുരക്ഷ, അനധികൃത ഘടനകൾ നീക്കം ചെയ്യൽ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയാണ് സദയിൽ കാമ്പയിൻ.
നാല് മാസത്തിനിടെ, പ്രാദേശിക ബീച്ചുകൾ, അഴുക്കുചാലുകൾ, ചതുപ്പുകൾ എന്നിവയിൽനിന്ന് ഏകദേശം 390 ലോഡ് മാലിന്യങ്ങൾ നീക്കം ചെയ്തു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി, മുനിസിപ്പൽ ടീമുകൾ കൊതുക് പ്രജനന സ്ഥലങ്ങളെയും രോഗവാഹകരെയും ലക്ഷ്യമിട്ട് കർശനമായ കീട നിയന്ത്രണ പരിപാടികളും നടത്തി. അപകടസാധ്യതകൾ കുറക്കുന്നതിന് സ്പ്രേയറുകളും കീടനാശിനികളും തളിച്ചു.
ഹസിക് പാർക്കിൽ 150 ഈന്തപ്പനകളും കുറ്റിച്ചെടികളുടെ പരിപാലനത്തോടൊപ്പം നട്ടുപിടിപ്പിച്ച ഹരിത സംരംഭങ്ങളും പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. 150 ഈന്തപ്പനകൾ കൂടി നടുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 120 ലൈറ്റിങ് തൂണുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 153 ഭക്ഷ്യശാലകളിൽ പരിശോധന നടത്തി.
41 മുന്നറിയിപ്പുകൾ നൽകുകയും 135 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വൃത്തിയുള്ളതും സംഘടിതവുമായ നഗര ഭൂപ്രകൃതി നിലനിർത്താനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമായി 15 അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.