മസ്കത്ത്: തടവുപുള്ളികളെ സന്ദർശിക്കാനും സ്വകാര്യമായി സമയം ചെലവഴിക്കാനും ഇണകൾക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വിധി. അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് ഇൗ വിധി പുറപ്പെടുവിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു വിധി. ജയിലുകളിൽ ഇതിന് പ്രത്യേക സ്ഥലങ്ങൾ എത്രയുംവേഗം ഒരുക്കാൻ കോടതി ഉത്തരവിൽ നിർദേശിക്കുന്നു. രണ്ട് ജയിലുകളിലാകും ഇൗ സൗകര്യമൊരുങ്ങുക. തടവുകാർക്ക് നിയമപ്രകാരമുള്ള തങ്ങളുടെ ഇണകളുമായി സ്വകാര്യനിമിഷങ്ങൾ ചെലവഴിക്കാൻ അവകാശമുണ്ട്.
ഇൗ അവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധ്യമാകുന്ന വിധത്തിൽ വേണം സൗകര്യങ്ങൾ ഒരുക്കാനെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. കൂടിക്കാഴ്ചയിൽ സ്വകാര്യത ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മനുഷ്യെൻറ അഭിമാനത്തിന് ക്ഷതമേൽക്കപ്പെടുന്നില്ലെന്നും ജയിൽ അധികൃതർ നിരീക്ഷിക്കണം. ജയിൽനിയമങ്ങൾ കൂടി കണക്കിലെടുത്ത് വേണം കൂടിക്കാഴ്ചക്ക് അനുമതി നൽകാൻ. മൂന്നു മാസത്തിലൊരിക്കൽ സ്വകാര്യ നിമിഷം ചെലവഴിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദമ്പതിമാർ കഴിഞ്ഞവർഷം ഡിസംബറിൽ നൽകിയ കേസിലാണ് കോടതിയുടെ അനുകൂല വിധി. ശരിയായ ദിശയിലുള്ള വിധി തടവുകാരുടെ ധാർമിക നിലവാരം ഉയർത്തുന്നതാണെന്ന് ഒമാൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡൻറും മജ്ലിസുശൂറ അംഗവുമായ ഡോ. മുഹമ്മദ് ഇബ്രാഹീം അൽ സദ്ജാലി പറഞ്ഞു.
വിധി ഏറെ പ്രാധാന്യമുള്ളതാണ്. പുരുഷ, സ്ത്രീ തടവുകാർക്ക് പ്രത്യേക മുറികളിൽ ഇണകളുമായി മണിക്കൂറുകൾ സ്വകാര്യമായി ചെലവഴിക്കാനും ഭാര്യാഭർതൃ ബന്ധത്തിൽ ഏർപ്പെടാനും പല രാജ്യങ്ങളിലും നിലവിൽ അനുമതിയുണ്ട്. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഇത് ഏറെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ ഉത്തരവ് ഏതു രീതിയിലാകും രാജ്യത്ത് നടപ്പാക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും ഇബ്രാഹീം അൽ സദ്ജാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.