കുട്ടികള്‍ക്കായി ഹസാല്‍തി സേവിങ്സ്  അക്കൗണ്ടുമായി അല്‍ ഇസ് ഇസ്ലാമിക് ബാങ്ക്

മസ്കത്ത്: കുട്ടികള്‍ക്കായി ശരീഅ നിയമമായ മുദാറബ അടിസ്ഥാനമായി ‘ഹസാല്‍തി’ സേവിങ്സ് അക്കൗണ്ട് അല്‍ ഇസ് ഇസ്ലാമിക് ബാങ്ക് അവതരിപ്പിച്ചു. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. പ്രതിമാസം കുറഞ്ഞത് 50 റിയാല്‍ എന്ന തോതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അക്കൗണ്ട് ആനുകൂല്യം ലഭിക്കും. 
18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെയും രക്ഷാകര്‍ത്താവിന്‍െറയും പേരിലായിരിക്കും അക്കൗണ്ട്. കോടതി നിക്ഷേപിച്ച രക്ഷാകര്‍ത്താക്കളാണെങ്കില്‍ 21ാം വയസ്സിലാകും അക്കൗണ്ടുടമയുടെ പേരിലേക്ക് മാറ്റപ്പെടുക. 
സാധാരണ സേവിങ് അക്കൗണ്ടിനേക്കാള്‍ കൂടുതല്‍ ലാഭവിഹിതം ഹസാല്‍തി അക്കൗണ്ടില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഓരോ മാസവും 50 റിയാല്‍ വീതം വര്‍ധിപ്പിക്കുന്ന അക്കൗണ്ടുടമകള്‍ക്കായി സമ്മാനപദ്ധതിയുമുണ്ട്. പ്രതിമാസ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരാകുന്ന അഞ്ചുപേര്‍ക്ക് നൂറു റിയാല്‍ വീതം  നല്‍കും. വിജയികളുടെ പേരുവിവരങ്ങള്‍ രക്ഷാകര്‍ത്താക്കളുടെ അനുമതിയോടെ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. സൗജന്യ ഹസാല്‍തി അംഗത്വ കാര്‍ഡാണ് മറ്റൊന്ന്.  വിവിധ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡുപയോഗിച്ച് ലഭ്യമാകും. 
ഒൗദ്യോഗിക രക്ഷാകര്‍ത്താവിന് സൗജന്യ ഇസ്ലാമിക് ഇന്‍ഷുറന്‍സ് (തകാഫുല്‍) പരിരക്ഷയുമുണ്ടാകും. പ്രതിമാസ ബാലന്‍സിന്‍െറ ഇരട്ടി തുകക്കായിരിക്കും ഇന്‍ഷുറന്‍സ്. ഏറ്റവും കൂടിയ പരിരക്ഷ 20,000 റിയാല്‍ വരെയാണ്. ബാങ്കാണ് ഇന്‍ഷുറന്‍സ് വിഹിതം നല്‍കുന്നത്. 18 വയസ്സ് പൂര്‍ത്തിയായാല്‍ ഹസാല്‍തി അക്കൗണ്ട് ഉടമക്ക് ആകര്‍ഷകമായ നിരക്കില്‍ വിദ്യാഭ്യാസ ഗ്രാന്‍റുകളും ലഭിക്കും. 
കുട്ടികളിലും മുതിര്‍ന്നവരിലും സമ്പാദ്യശീലം വളര്‍ത്താന്‍ അല്‍ ഇസ് ഇസ്ലാമിക് ബാങ്ക് എന്നും ശ്രമിച്ചുവരുന്നതായി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ മൂസ അല്‍ ജദീദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
വിവിധ ഡിസ്കൗണ്ടുകളും വ്യത്യസ്ത ആനുകൂല്യങ്ങളും നല്‍കി കുട്ടി ഉപഭോക്താക്കളുമായി സ്ഥിരമായ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പുതിയ ഉല്‍പന്നം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി അസീം കിദ്വായി, ശരീഅ വിഭാഗം മേധാവി സുഫ്യാന്‍ യാസീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.