മസ്കത്ത്: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ ഒമാൻ അഭിമാനാർഹ നേട്ടം കൈവരിച്ചതായി പഠന റിപ്പോർട്ട്. ദേശീയ സ്ഥിതിവിവര മന്ത്രാലയം െഎക്യരാഷ്ട്ര സഭാ ചിൽഡ്രൻസ് ഫണ്ടുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ശിശുമരണ നിരക്കിലെ കുറവടക്കം ഒമാൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്നത്. സ്ത്രീകളുടെ ശരാശരി ആയുസ്സ് 1971ൽ 51 വയസ്സായിരുന്നത് 76 വയസ്സായി ഉയർന്നിട്ടുണ്ട്.
ജനിക്കുന്ന നൂറ് കുട്ടികളിൽ ശരാശരി 99 പേരും അഞ്ചു വയസ്സുവരെ ജീവിക്കുന്നുണ്ട്. 1980കളിൽ 20 ശതമാനം കുട്ടികൾക്ക് മാത്രം പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 98 ശതമാനം കുട്ടികൾക്കും കുത്തിവെപ്പ് ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കുട്ടികളിലെ പകർച്ചവ്യാധി സാധ്യത കുറക്കുന്നതിനുള്ള പ്രതിരോധ നടപടികൾ അഭിനന്ദനാർഹമായ പുരോഗതി രാജ്യം കൈവരിച്ചിട്ടുണ്ട്. എന്നാൽ, അതിസാര ബാധ നിയന്ത്രിക്കാൻ കഴിയാത്തത് ചില ഗവർണറേറ്റുകളിൽ എങ്കിലും പ്രശ്നമായി നിലനിൽക്കുന്നു.
ജന്മനാ ഉള്ള അസുഖങ്ങളും ജനന സമയത്തെ പ്രശ്നങ്ങളുമൊക്കെയാണ് ശിശുമരണ നിരക്കിന് നിലവിലെ പ്രധാന കാരണങ്ങൾ.
നവജാത ശിശുക്കളിലെ ഭാരക്കുറവ് ഒഴിവാക്കുന്നതിനുള്ള പദ്ധതികളും ലക്ഷ്യം കണ്ടു.
അനീമിയ, സ്പൈനൽ കോർഡ് പരാലിസിസ് എന്നീ രോഗാവസ്ഥകൾ ഒഴിവാക്കുക ലക്ഷ്യമിട്ട് 1993ൽ ആരംഭിച്ച വീറ്റ് ഫ്ലോർ ഫോർട്ടിഫിക്കേഷൻ പദ്ധതിയും വിജയിച്ചു. 90 ശതമാനം കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളവും സാനിറ്റേഷൻ സൗകര്യങ്ങളും ലഭ്യമാണെന്നതും കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്തതായി റിപ്പോർട്ട് പറയുന്നു.
വിദ്യാഭ്യാസമടക്കം സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പല മേഖലകളിലും കൈവരിച്ച നേട്ടങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.