മസ്കത്ത്: ഒമാനടക്കം മധ്യ പൗരസ്ത്യ മേഖലയില്‍ വരുംനാളുകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുമെന്ന് സര്‍വേ.
ഈ മേഖലകളിലെ മൂന്നില്‍ രണ്ട് തൊഴിലുടമകളും കൂടുതല്‍ ജീവനക്കാരെ പുതുതായി നിയമിക്കാന്‍ പദ്ധതിയുണ്ടെന്ന് തൊഴില്‍ വെബ്സൈറ്റായ ബെയ്ത്ത് ഡോട് കോമും റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ യുഗോവും നടത്തിയ സര്‍വേ പറയുന്നു.
മധ്യപൗരസ്ത്യ ദേശത്തേയും വടക്കന്‍ ആഫ്രിക്കയിലെയും 65 ശതമാനം തൊഴിലുടമകളും പുതിയ ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നുണ്ട്. ആതിഥേയത്വം, വിനോദം എന്നീ മേഖലകളിലായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അടുത്ത മൂന്നുമാസം മുതല്‍ ഒരു വര്‍ഷക്കാലയളവിലാണ് ഈ നിയമനങ്ങള്‍ക്ക് സാധ്യത.
51 ശതമാനം തൊഴിലുടമകളും അടുത്ത മാസത്തിനുള്ളില്‍ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മൂന്ന് മാസത്തിനകം നിയമനം നടത്താന്‍ താല്‍പര്യപ്പെടുന്നവരില്‍ 41 ശതമാനവും ജൂനിയര്‍ എക്സിക്യൂട്ടിവുകളെയാകും നിയമിക്കുക.
27 ശതമാനം പേര്‍ കോഓഡിനേറ്റര്‍മാരെയും 26 ശതമാനം മാനേജര്‍മാരെയും 18 ശതമാനം സെയില്‍സ് എക്സിക്യൂട്ടിവുമാരെയും 15 ശതമാനം പേര്‍ അക്കൗണ്ടന്‍റ്, സെയില്‍സ് മാനേജര്‍ തസ്തികകളിലുമാണ് നിയമനം നടത്താന്‍ ഒരുങ്ങുന്നത്.
ആതിഥേയത്വം, വിനോദം, മാനവവിഭവശേഷി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 67 ശതമാനം സ്ഥാപനങ്ങള്‍ക്കാണ് തൊഴില്‍ സേനയെ അത്യാവശ്യം.
ഈ മേഖലകളിലെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും അടുത്ത മൂന്നുമാസ സമയത്തില്‍ നിയമനങ്ങള്‍ നടക്കാനിടയുണ്ടെന്ന് സര്‍വേ പറയുന്നു.
ബിസിനസ് കണ്‍സല്‍ട്ടന്‍സി, ബിസിനസ് മാനേജ്മെന്‍റ് എന്നീ മേഖലകളിലും തൊഴിലവസരങ്ങളുണ്ടാവും. 57 ശതമാനമാണ് ഈ മേഖലകളിലെ സാധ്യത.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ് അടുത്ത മൂന്നുമാസം മുതല്‍ ഒരു വര്‍ഷക്കാലയളവില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നത്.
54 ശതമാനം വന്‍ പ്രാദേശിക കമ്പനികളും 52 ശതമാനം ബഹുരാഷ്ട്ര കമ്പനികളും 51 ശതമാനം മറ്റ് സ്വകാര്യ കമ്പനികളുമാണ് തൊഴിലാളികളെ നിയമിക്കാന്‍ പദ്ധതിയിടുന്നത്. നിലവില്‍ 10,000 തൊഴിലവസരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബെയ്ത്ത് ഡോട് കോം എംപ്ളോയര്‍ സൊല്യൂഷന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റ് സുഹൈല്‍ മസ്രി പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ 30 ശതമാനം തൊഴിലുടമകള്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികളെയും ബിരുദാനന്തരബിരുദധാരികളെയുമാണ് ആവശ്യം.
28 ശതമാനം പേര്‍ ബിസിനസ് മാനേജ്മെന്‍റുകാരെയും 21 ശതമാനം കോമേഴ്സ് മേഖലകളിലുള്ളവരെയും നിയമിക്കാനാണ് പദ്ധതിയിടുന്നത്. അറബി, ഇംഗ്ളീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്കായിരിക്കും കൂടുതല്‍ അവസരമുണ്ടാവുക. 68 ശതമാനം തൊഴിലുടമകള്‍ക്കും ഈ യോഗ്യതയുള്ളവര്‍ ആവശ്യമായി വരും.
കഴിഞ്ഞ ഡിസംബര്‍ നാല് മുതല്‍ കഴിഞ്ഞമാസം 22 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ഒമാന്‍, യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ലബനാന്‍, സിറിയ, ജോര്‍ഡന്‍, അല്‍ജീരിയ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 3,107 ഓണ്‍ലൈന്‍ മാതൃക അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.