മസ്കത്ത്: ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സൗജന്യ ഇന്ധന കാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന് ശൂറ കമ്മിറ്റി. ഇതുവഴി സമ്പദ്ഘടനക്കുള്ള അധികഭാരം ഒഴിവാക്കാന്‍ സാധിക്കുമെന്ന് സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനുള്ള പ്രത്യേക ശൂറ കമ്മിറ്റി ചൂണ്ടികാട്ടി.
ഉയര്‍ന്ന ഇന്ധനവില സംബന്ധിച്ച് ശൂറ കൗണ്‍സിലില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യമുയര്‍ന്നത്. ഉയര്‍ന്ന ഇന്ധനവിലയില്‍നിന്നുള്ള സംരക്ഷണത്തിന് സാമൂഹിക ക്ഷേമ ഫണ്ട് ലഭിക്കുന്നവര്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 600 റിയാലില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് വില വര്‍ധനവില്‍നിന്ന് സംരക്ഷണം നല്‍കേണ്ടത്. ഇതോടൊപ്പം കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ ഒമാനിലാണ് ഇന്ധനവില അധികമെന്ന് ശൂറ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ അല്‍ അബ്രി ചര്‍ച്ചയില്‍ പറഞ്ഞു. വില അടിയന്തരമായി 180 ബൈസയില്‍ മരവിപ്പിക്കണമെന്നതാണ് തന്‍െറ അഭിപ്രായം. മൂന്നുമാസ കാലയളവിലേക്കോ ആറുമാസ കാലയളവിലേക്കോ ഈ വിലയാണ് ഈടാക്കാന്‍ പാടുള്ളതുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഈ ആനുകൂല്യം ഏര്‍പ്പെടുത്തണമെന്ന് അല്‍ അബ്രി ചൂണ്ടിക്കാണിച്ചു.
750 റിയാലില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതം സഹായമായി നല്‍കണമെന്നാണ് സാമ്പത്തികകാര്യ കമ്മിറ്റി മേധാവി തൗഫീഖ് അല്‍ ലവാട്ടി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. വിലവര്‍ധനവ് ബാധിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി മാര്‍ഗം കണ്ടത്തെുന്ന വിഷയം മന്ത്രിസഭ കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനവുമൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചെറിയ ആശ്വാസംപകര്‍ന്ന് എം91 ഗ്രേഡ് പെട്രോളിന്‍െറ വില അടുത്തമാസം വര്‍ധിപ്പിക്കേണ്ടതില്ളെന്ന് മന്ത്രിസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
താല്‍ക്കാലിക അടിസ്ഥാനത്തിലാണ് എം91ന്‍െറ വില ഫെബ്രുവരിയിലെ നിരക്കില്‍ നിജപ്പെടുത്താന്‍ തീരുമാനിച്ചത്.
വിലവര്‍ധനവുമൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസംപകരാന്‍ ബദല്‍ സംവിധാനം നിലവില്‍വരുന്നതുവരെ നിശ്ചിതവില എന്ന സമ്പ്രദായം തുടരാനാണ് കൗണ്‍സിലിന്‍െറ നിര്‍ദേശം. ഇന്ധനവില വര്‍ധനവുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കായി ഇന്ധനകൂപ്പണുകള്‍ ഏര്‍പ്പെടുത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ്യൂനിയന്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. സ്വകാര്യമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് പുനര്‍നിര്‍ണയിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളില്‍ 60 ശതമാനം പേര്‍ക്കും പ്രതിമാസം 400 റിയാലില്‍ താഴെയാണ് വരുമാനമെന്നാണ് കണക്കുകള്‍.
എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വിലയുള്ളത്. ഡീസല്‍ വില 200 ബൈസ പിന്നിട്ടിട്ടുണ്ട്. ഡീസല്‍വിലയിലെ വര്‍ധനവ് പണപെരുപ്പത്തിന് വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.