ഒന്ന്, രണ്ട് ക്ളാസുകളില്‍ ഇനി ഹോംവര്‍ക് വേണ്ടെന്ന് സി.ബി.എസ്.ഇ

മസ്കത്ത്: ചെറിയ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി സി.ബി.എസ്.ഇ. ഒന്ന്, രണ്ട് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോം വര്‍ക്കുകള്‍ നല്‍കേണ്ടതില്ളെന്ന് സി.ബി.എസ്.ഇയുടെ പുതിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ ക്ളാസുകളിലെ കുട്ടികള്‍ക്ക് സ്കൂള്‍ ബാഗ് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. 
സി.ബി.എസ്.ഇ സര്‍ക്കുലര്‍ ലഭിച്ചതായും അത് നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് പറഞ്ഞു. നടപ്പാക്കുന്നത് സംബന്ധിച്ച കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല.  അടുത്ത അധ്യയനവര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുത്തുക. ഇതടക്കം നിരവധി നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ ടെക്സ്റ്റ് ബുക്കുകളുടെ ഭാരം കുറക്കുന്നതിനൊപ്പം സെക്കന്‍ഡറി ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ ബാഗിന്‍െറ ഭാരം കുറക്കണമെന്നതും നിര്‍ദേശങ്ങളില്‍ പെടുന്നു. 
ടെക്സ്റ്റ് ബുക്കുകളോ വര്‍ക് ബുക്കുകളോ കൊണ്ടുവരാത്ത കുട്ടികളെ ശിക്ഷിക്കരുതെന്ന് അധ്യാപകരോട് പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കണം. ഇങ്ങനെ ശിക്ഷിക്കുന്ന പക്ഷം കുട്ടികള്‍ എല്ലാ ടെക്സ്റ്റ്, വര്‍ക് പുസ്തകങ്ങളും കൊണ്ടുവരുകയും അതുവഴി ബാഗിന് ഭാരം വര്‍ധിക്കുകയും ചെയ്യും. ടെക്സ്റ്റ്ബുക്കുകള്‍ കാലേക്കൂട്ടി സ്കൂളില്‍ വാങ്ങിവെക്കുന്നതിന്‍െറ സാധ്യതകളും പരിശോധിക്കണം. കുട്ടികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഒന്ന്, രണ്ട് ക്ളാസുകളില്‍ സ്കൂള്‍ ബാഗുകള്‍ ഒഴിവാക്കുന്നത്. 
ഭാരമുള്ള ബാഗുകള്‍ ചുമക്കുന്നതുവഴി പുറം വേദന, പേശീവലിവ്, തോള്‍ വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. 19 ഇന്ത്യന്‍ സ്കൂളുകളാണ് ഒമാനിലുള്ളത്. ഇതില്‍ ഒന്ന്, രണ്ട് ക്ളാസുകളിലായി ആകെ ഒമ്പതിനായിരം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേസമയം, സി.ബി.എസ്.ഇ സര്‍ക്കുലറിന്‍െറ പ്രായോഗികത സംബന്ധിച്ച് സംശയത്തിലാണ് രക്ഷിതാക്കള്‍. ചില സ്കൂളില്‍ എല്ലാ ദിവസവും ടെക്സ്റ്റ് ബുക്കുകള്‍ കൊണ്ടുപോകേണ്ട അവസ്ഥയുണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ കുട്ടികളുടെ ഭാരം ലഘൂകരിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.