മസ്കത്ത്: പെരുന്നാള്‍ അവധിയാഘോഷിക്കാന്‍ പോയ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ വാദി ബനീ ഖാലിദിലും വാദി ശാബിലുമാണ് ചൊവ്വാഴ്ച അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാദി ബനീ ഖാലിദിലുണ്ടായ അപകടത്തില്‍ ലുലു ഗ്രൂപ് ജീവനക്കാരനായ തിരുവനന്തപുരം കിളിമാനൂര്‍ ഞാവേലിക്കോണം പഴയകുന്ന് പനയില്‍ വീട്ടില്‍ സുലൈമാന്‍ ഇബ്രാഹീമിന്‍െറ മകന്‍ നഹാസാണ് (23) മരിച്ചത്. സന്ധ്യയോടെയാണ് അപകടമുണ്ടായത്. വൈകുന്നേരം മൂന്നുമണിയോടെ വാദി ശാബിലുണ്ടായ അപകടത്തില്‍ മൈസൂരു സ്വദേശി ഷഫീഖ് അഹമ്മദ് (30) ആണ് മരിച്ചത്.
മസ്കത്തിനടുത്ത് അല്‍ അവാബിയില്‍ ലുലു ഗ്രൂപ്പിന്‍െറ സെന്‍ട്രല്‍ ലോജിസ്റ്റിക്സ് വിഭാഗത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മരിച്ച നഹാസ്. ഒപ്പം ജോലി ചെയ്യുന്ന മൂന്നുപേര്‍ക്കും സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും ഒപ്പമാണ് മസ്കത്തില്‍നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള വാദി ബനീ ഖാലിദില്‍ എത്തിയത്. തടാകത്തില്‍ കുളിച്ച ശേഷം ആറുമണിയോടെ തിരിച്ചുകയറവേ കാല്‍ വഴുതി വീണാണ് അപകടമുണ്ടായത്. നഹാസും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും വെള്ളത്തില്‍ വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ സ്ഥലത്തുണ്ടായിരുന്ന സ്വദേശികള്‍ രക്ഷിച്ചു.
നഹാസിന്‍െറ ശരീരം ഒരു മണിക്കൂറിന് ശേഷമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഉടന്‍ വാദി ബനീ ഖാലിദ് ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായും മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ലുലു ഗ്രൂപ് അധികൃതര്‍ പറഞ്ഞു. ഉമൈഫയാണ് നഹാസിന്‍െറ മാതാവ്. ഒന്നര വര്‍ഷം മുമ്പാണ് മസ്കത്തില്‍ എത്തിയത്. മസ്കത്തില്‍ യുനീക് കോണ്‍ട്രാക്ടിങ് കമ്പനിയിലെ പ്രോജക്ട് എന്‍ജിനീയറാണ് മരിച്ച ഷഫീഖ് അഹമ്മദ്. കമ്പനിയില്‍ ജോലി ചെയ്യുന്ന പത്തുപേര്‍ ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് വാദി ശാബിലേക്ക് പോയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിലിറങ്ങിയെങ്കിലും നീന്തല്‍ അറിയില്ലാത്തതിനാല്‍ ഷഫീഖ് കരയില്‍തന്നെ നില്‍ക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തിലിറങ്ങിയവരുടെ ചിത്രങ്ങളെടുക്കവേ കാല്‍വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. സമീപത്തുതന്നെ കുളിക്കുകയായിരുന്ന യൂറോപ്പില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ അധികം വൈകാതെതന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ശരീരം കണ്ടെടുത്തു. കരക്കെടുക്കുമ്പോള്‍ ചെറുതായി ശ്വാസമെടുത്തിരുന്ന ഷഫീഖിന് വിനോദസഞ്ചാരികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു. വൈകുന്നേരം മൂന്നോടെയാണ് അപകടമുണ്ടായത്. മസ്കത്തില്‍ ജോലി ചെയ്തിരുന്ന ഷഫീഖ് ഒമ്പത് മാസം മുമ്പാണ് യുനീക് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ചേര്‍ന്നത്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. വിവാഹം ഉറപ്പിക്കാനായി ഈ മാസം 22ന് നാട്ടില്‍ പോകാനിരിക്കവേയാണ് ദുരന്തമുണ്ടാകുന്നതെന്ന് യുനീക് കോണ്‍ട്രാക്ടിങ് കമ്പനിയിലെ പ്രോജക്ട് മാനേജറായ സുധീര്‍ നായര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.