മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ ടുർണമെന്റായ സോക്കർ കാർണിവലിന്റെ മൂന്നാം സീസണിന് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ മുൻ ഫുട്ബാൾ താരം സുശാന്ത് മാത്യു, സെവൻസ് മൈതാനങ്ങളിലെ അനൗൺസർ റാഷിദ് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥിയായി. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾ അടങ്ങുന്ന നോക്കൗട്ട് ഘട്ടം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 3.30 മുതൽ കാണികൾക്കായി വിവിധ പരിപാടികൾ അരങ്ങേറും. ഫൈനൽ വേദിയിൽ നടൻ ലുക്മാൻ അവറാൻ മുഖ്യാതിഥിയായെത്തും. സുശാന്ത് മാത്യു, റാഷിദ് കോട്ടക്കൽ എന്നിവരുംപങ്കെടുക്കും. നടി ഡയാന ഹമീദ് അവതാരകയാവും. ഗ്രൂപ്പ് ഘട്ട മൽസരങ്ങളിൽ യുനൈറ്റഡ് കേരള എഫ്.സി, ലയൺ മസ്കത്ത് എഫ്.സി, കുമിൻ മഞ്ഞപ്പട എഫ്.സി, സ്മാഷേഴ്സ് എഫ്സി, എച്ച്.എഫ്.സി, സൈനോ എഫ്.സി സീബ്, ജി.എഫ്.സി അവിസെൻ, യുനൈറ്റഡ് കാർഗോ എഫ്.സി, ബ്ലാക്ക് ആൻഡ് വൈറ്റ് ബിഗ്ഗസ്റ്റ് ജിം, സോക്കർ ഫാൻസ് എഫ്.സി, മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി, എൻ.ടി.എസ് എഫ്.സി, ഹോട്ട്പാക്ക് നേതാജി എഫ്.സി, ടോപ്ടെൻ ബർക്ക എഫ്.സി, റിലാക്സ് എഫ്.സി എന്നിവ പോരിനിറങ്ങി.
ഇത്തവണ സോക്കർ കാർണിവലിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം ഒമാൻ ഇൻസ്റ്റഗ്രാം പേജിൽ ഗസ്സ് ആൻഡ് വിൻ മൽസരവും നടക്കുന്നുണ്ട്. വിജയികൾക്ക് ഗംഭീര സമ്മാനങ്ങളാണ് കൈമാറുക. വെള്ളിയാഴ്ച സെമി ഫൈനൽ മൽസരത്തിന് മുന്നോടിയായി കാണികൾക്കിടയിൽ നടക്കുന്ന മൽസരങ്ങൾക്കും വമ്പൻ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ച് നടത്തുന്ന സോക്കർ കാർണിവൽ ഒമാനിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണമെന്റുകൂടിയാണ്. ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സോക്കർ കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഷൂട്ടൗട്ട് തുടങ്ങിയവയും നടക്കും
സ്റ്റേഡിയത്തിൽ ഒരുക്കുന്ന വിപുലമായ ഭക്ഷണശാലകളാണ് കാർണിവലിന്റെ പ്രധാന ആകർഷണം. നാടൻ വിഭവങ്ങൾ മുതൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ വരെ ആസ്വദിക്കാനുള്ള അവസരം കാണികൾക്കുണ്ടാകും. 25 ഓളം ഫുഡ് സ്റ്റാളുകൾ ഒരുക്കും. ലൈവ് കൗണ്ടറുകളിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാം. ഭക്ഷണ പ്രേമികൾക്ക് കൊതിയേറ്റുന്ന വിഭവങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, ചോക്ലേറ്റുകൾ, ഫാൻസി ഇനങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങിയവയും കാർണിവലിന്‍റെ ആകർഷണമാവും. സോക്കർ കാർണിവലിൽ ആവേശം പകരാൻ ഇത്തവണയും അനൗൺസറായെത്തിയ റാഷിദ് കോട്ടക്കൽ , മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.