മുവാസലാത്ത് ടിക്കറ്റുകള്‍ അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈനായി ലഭ്യമാക്കും

മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന്‍െറ സേവനങ്ങള്‍ ആധുനികവത്കരിക്കുന്ന നടപടികള്‍ അതിവേഗം മുന്നേറുന്നു.  ഇതിന്‍െറ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സി.ഇ.ഒ അഹ്മദ് ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു. 
ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രത്യേക പ്രതിവാര പ്രതിമാസ നിരക്കുകള്‍ ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക നിരക്കുകളും ഉണ്ടാകും. ഭിന്നശേഷിയുള്ളവരുടെ യാത്ര സൗജന്യമാക്കാനും പദ്ധതിയുണ്ട്. സുരക്ഷിതമായതും എല്ലാവര്‍ക്കും എളുപ്പം ലഭ്യമാകുന്നതും വിശ്വസിക്കാവുന്നതുമായ പൊതുഗതാഗത സൗകര്യം ഏര്‍പ്പെടുത്തുകയാണ് തങ്ങളുടെ പദ്ധതിയെന്നും സി.ഇ.ഒ പറഞ്ഞു. മസ്കത്തില്‍നിന്ന് ദുഖമിലേക്കാണ് പുതിയ സര്‍വിസ് ആരംഭിക്കുക. ഇത് ഈ വര്‍ഷത്തിന്‍െറ അവസാനപാദത്തില്‍ ആരംഭിക്കാനാണ് പദ്ധതി. മുവാസലാത്ത് ആരംഭിക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നതുപോലെ മസ്കത്തിലെ എല്ലാ പ്രാദേശിക റൂട്ടുകളിലും ഈ വര്‍ഷം ബസ് സര്‍വിസ് ആരംഭിച്ചുകഴിഞ്ഞു. അധിക റൂട്ടായാണ് ദുഖമിലേക്ക് സര്‍വിസ് തുടങ്ങുന്നത്. 118 ബസുകള്‍ കൂടി വൈകാതെ മുവാസലാത്ത് നിരയിലത്തെും. ഇതില്‍ 85 ബസുകള്‍ നഗരത്തിന് അകത്തുള്ള സര്‍വിസുകള്‍ക്കാകും വിനിയോഗിക്കുക. 
33 ബസുകള്‍ മറ്റു നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ക്കും ഉപയോഗിക്കും. കമ്പനിയുടെ 2020 മുതല്‍ 2040 വരെയുള്ള വികസന പദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. അടുത്തവര്‍ഷം സര്‍വിസ് ആരംഭിക്കുന്ന റൂട്ടുകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉടനുണ്ടാകും. പ്രധാന റൂട്ടുകളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ശേഷമാകും ഉപ റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുക. 40 ബസുകളാണ് നിലവില്‍ മസ്കത്ത് നഗരത്തില്‍ സര്‍വിസ് നടത്തുന്നത്. 37 ബസുകള്‍ മസ്കത്തിന് പുറത്തേക്കും ഓടുന്നുണ്ട്. ആറ് പ്രധാന റൂട്ടുകളിലാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. 
കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 21 ലക്ഷം പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്. റൂവിയില്‍നിന്ന് മബേലയിലേക്കുള്ള പ്രധാന റൂട്ടിലാണ് ഇതില്‍ കൂടുതല്‍ പേരും യാത്ര ചെയ്തതെന്നും സി.ഇ.ഒ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.