???????????????? ??????????? ?????? ?????????

സൂറില്‍ പെട്രോള്‍ പമ്പില്‍ വാഹനംകത്തിയ സംഭവം: കുട്ടികള്‍ ലൈറ്റര്‍ ഉപയോഗിച്ച്  കളിച്ചതുമൂലമെന്ന് പിതാവ്

മസ്കത്ത്: സൂര്‍ ബിലാദില്‍ കഴിഞ്ഞ 24ന് പെട്രോള്‍ പമ്പില്‍ വാഹനത്തിന് തീപിടിച്ച സംഭവത്തില്‍ പരിക്കേറ്റ ജോര്‍ഡാനിയന്‍ ബാലികയുടെ നില ഗുരുതരമായി തുടരുന്നു. 70 ശതമാനം പൊള്ളലേറ്റ നാലുവയസ്സുകാരി ഗസാല്‍ മസ്കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയിലാണ്. ഗസാലിനെ കഴിഞ്ഞദിവസമാണ് സൂര്‍ ആശുപത്രിയില്‍നിന്ന് ഖൗല ആശുപത്രിയിലേക്ക് മാറ്റിയത്. 30 ശതമാനം പൊള്ളലേറ്റ സഹോദരന്‍ മൂന്നു വയസ്സുകാരന്‍ സുലൈമാനും ഖൗല ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, തീപിടിത്തമുണ്ടാകാന്‍ കാരണം കുട്ടികള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് കളിച്ചതാണെന്ന് പിതാവ് മുഹമ്മദ് സുലൈമാനെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 
വാഹനം പാര്‍ക്ക് ചെയ്തശേഷം ഇന്ധനം നിറക്കാന്‍ നിര്‍ദേശം നല്‍കി മുഹമ്മദ് സമീപത്തെ കടയിലേക്കുപോയ സമയത്താണ് വണ്ടിയില്‍ തീപിടിച്ചത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ മുന്‍സീറ്റില്‍ വെച്ചിരുന്ന ലൈറ്ററെടുത്ത് കളിച്ചപ്പോള്‍ തീപ്പൊരി ഉണ്ടാവുകയായിരുന്നു. മകന്‍ നില മെച്ചപ്പെടുന്നതിന്‍െറ സൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും മകള്‍ ഗുരുതരാവസ്ഥയില്‍തന്നെ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച ബാന്‍ഡേജുകള്‍ മാറ്റിയപ്പോള്‍ ഗസല്‍ കണ്ണുകള്‍ തുറന്നിരുന്നു. എന്നാല്‍, അതിനുശേഷം ഒട്ടും കണ്ണുകള്‍ തുറന്നിട്ടില്ല. തന്‍െറ മകള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് പറഞ്ഞു. തീപിടിച്ച വാഹനത്തില്‍നിന്ന് ഒമാനിയായ മുഹമ്മദ് അലി ഹാഷ്മിയാണ് രണ്ട് കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തിയത്. ഹാഷ്മിയുടെ രക്ഷാപ്രവര്‍ത്തനത്തിന്‍െറ വിഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ബാങ്ക് മസ്കത്ത് അടക്കം സ്ഥാപനങ്ങള്‍ ധീരമായ പ്രവര്‍ത്തനത്തിന് ഹാഷ്മിയെ കഴിഞ്ഞദിവസങ്ങളിലായി ആദരിച്ചിരുന്നു. തീ അണക്കുന്നതില്‍ പെട്രോള്‍ സ്റ്റേഷനിലെ മലയാളി ജീവനക്കാരുടെ അവസരോചിത ഇടപെടലും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ, കുട്ടികളുടെ ചികിത്സാ സഹായത്തിനായി സ്വദേശികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.