മത്ര: നാല്‍പത്തിയാറാമത് ദേശീയ ദിനാഘോഷത്തിന് നിറം ചാര്‍ത്താന്‍ സ്ഥാപിച്ച വിളക്കുകള്‍ മിഴിതുറന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ വീഥികള്‍ ദീപപ്രഭയില്‍ മനോഹരമാണ്. നവംബര്‍ അവസാനം വരെ ഈ വിളക്കുകള്‍ വെളിച്ചം ചൊരിയുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളം ആയിരക്കണക്കിന് വര്‍ണ വിളക്കുകളും 900ത്തിലധികം അലങ്കാര വിളക്കുകളുമാണ് ഒരുക്കിയത്. നവംബര്‍ 14ന് ഇവ പരിശോധനക്കായി തെളിയിച്ചിരുന്നു. 15നാണ് ഒൗദ്യോഗികമായി വിളക്കുകള്‍ കത്തിച്ചത്.
മസ്കത്തിന്‍െറ 20 കിലോമീറ്റര്‍ പരിധിയിലെ റോഡുകളിലെല്ലാം വിളക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നേരം പുലരുവോളം കത്തിനില്‍ക്കുന്ന വിളക്കുകള്‍ കോര്‍ണീഷിന്‍െറ സൗന്ദര്യത്തികവിന് മാറ്റുകൂട്ടുന്നു. വര്‍ണവിളക്കുകള്‍ക്കൊപ്പം ഇത്തവണ തൂണുകളില്‍ സ്ഥാപിച്ച അലങ്കാര നിര്‍മിതികള്‍ സുല്‍ത്താനേറ്റിന്‍െറ സമ്പുഷ്ടമായ പാരമ്പര്യവും കലാപൈതൃകവും സംഗീതവുമൊക്കെ പ്രതിഫലിപ്പിക്കുന്നവയാണ്. മൊത്തം ആറു മാതൃകയിലുള്ള അലങ്കാര നിര്‍മിതികളാണ് സ്ഥാപിച്ചത്. ബഹൂറുകള്‍ പുകയ്ക്കാന്‍ ഉപയോഗിക്കുന്ന മജ്മറുകള്‍, വിവാഹ വേളകളിലും മറ്റു ആഘോഷങ്ങളിലും സുഗന്ധം കുടയാന്‍ ഉപയോഗിക്കുന്ന മിറാഷ്, സംഗീത ചിഹ്നങ്ങള്‍, മൂന്നുതരം പുഷ്പങ്ങള്‍ എന്നിവയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്.
എല്ലാ അലങ്കാരങ്ങളിലും ഇത്തവണ ഒമാന്‍ ദേശീയ പതാകയിലെ നിറങ്ങളായ ചുവപ്പ്, വെള്ള, പച്ച എന്നിവ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ദേശീയ ദിനാഘോഷ കമ്മിറ്റി മൂന്നു സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിക്കും. നവംബര്‍ 18ന് രാത്രി എട്ടിന് അല്‍ അമിറാത്ത്, അല്‍ സീബ്, സലാല വിലായത്തുകളിലാണ് കരിമരുന്ന് പ്രയോഗം ആകാശത്തില്‍ വര്‍ണചിത്രം വരയ്ക്കുക. ദേശീയദിനത്തിന്‍െറ ഭാഗമായി കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും നിരവധി അലങ്കാര പ്രവൃത്തികള്‍ നടത്തി ദേശീയ വര്‍ണമണിഞ്ഞിട്ടുണ്ട്. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ കാറുകളും വീടുകളും മോടിപിടിപ്പിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.