ഒമാനില്‍ ജങ്ക്ഫുഡ് പരസ്യങ്ങള്‍ക്ക്  നിരോധനം വന്നേക്കും

മസ്കത്ത്: കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ജങ്ക്ഫുഡ് പരസ്യങ്ങള്‍ക്ക് ഒമാനില്‍ നിരോധനം വരാന്‍ സാധ്യത. നിരോധനത്തിന്‍െറ ആവശ്യകത വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആരോഗ്യമന്ത്രാലയം. അമിതവണ്ണമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നിരോധനത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനായുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധനം പൂര്‍ണമായി നടപ്പില്‍വരാന്‍ രണ്ടുവര്‍ഷത്തിലധികമെങ്കിലും സമയമെടുക്കും. വിവിധ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ പരസ്യങ്ങളുടെ എണ്ണവും അവ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ചാണ് ഇപ്പോള്‍ പഠനം നടത്തുന്നത്. 
തുടര്‍ന്ന് അമിതവണ്ണത്തിന്‍െറ ദൂഷ്യഫലങ്ങളെ കുറിച്ചും അത് പ്രതിരോധിക്കുന്നതിനുള്ള കര്‍മപദ്ധതികളെയും കുറിച്ച് സ്കൂളുകളില്‍ ബോധവത്കരണ പദ്ധതികള്‍ നടത്തും. 
തുടര്‍ന്നാകും പരസ്യ നിരോധന നിയമം പാസാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയം, മസ്കത്ത് നഗരസഭ, സാമൂഹിക വികസന മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാകും ഇത് പൂര്‍ണമായി നടപ്പില്‍വരുത്തുക. യുവജനങ്ങളില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുണ്ടാക്കുന്ന ദൂഷ്യങ്ങള്‍ കണക്കിലെടുത്തുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ നടപടി.
 ബ്രിട്ടന്‍ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നുണ്ട്. ജി.സി.സി രാജ്യങ്ങളെല്ലാം അമിതവണ്ണമുള്ളവരുടെ എണ്ണം ഉയര്‍ന്ന തോതിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതില്‍ പരസ്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. കുട്ടികളിലെയും മുതിര്‍ന്നവരിലെയും അമിതവണ്ണം പ്രതിരോധിക്കുന്നതിനായി അടുത്തവര്‍ഷം മുതല്‍ വിവിധ ബോധവത്കരണ പദ്ധതികള്‍ ആലോചനയിലുണ്ട്.
 അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം രണ്ടര ശതമാനവും മുതിര്‍ന്നവരില്‍ 19 മുതല്‍ 20 ശതമാനവും വരെ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ജങ്ക്ഫുഡുകളുടെ അമിതോപയോഗമാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ന്യൂട്രീഷ്യന്‍ വിഭാഗം പ്രതിനിധിയായ ഡോ. സാലിമ അല്‍ മാമ്രി പറഞ്ഞു. ശരീരം അനങ്ങാത്ത ജീവിത രീതി, ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിതഭ്രമം എന്നിവയും ഇതിന് കാരണമാണ്. ബേബി ഫുഡുകളില്‍ പലതും നവജാത ശിശുക്കളിലെ അമിത വണ്ണത്തിന് വഴിവെക്കുന്നതായി ഡോ. സാലിമ കൂട്ടിച്ചേര്‍ത്തു. 
പൊതുസ്ഥലങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ വളര്‍ന്നുവരുന്ന തലമുറയെ അമിതവണ്ണത്തിന്‍െറ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ സഹായിക്കും. സ്കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. 
ജങ്ക്ഫുഡുകളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന് ഒപ്പം സ്കൂള്‍ കാന്‍റീനില്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ലഭ്യമാക്കണം. 
കുട്ടികളിലെ അമിതവണ്ണം ഭാവിയില്‍ ടൈപ് 2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് വഴിവെക്കുമെന്നും ഡോ. സാലിമ പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.