മരണാനന്തരം ബഹുമതികള്‍ ആവശ്യമില്ല –ഷീല

മസ്കത്ത്: ജീവിതകാലത്ത് ലഭിക്കാത്ത ബഹുമതികളും അംഗീകാരവും മരണാനന്തരം ആവശ്യമില്ളെന്ന് മലയാളത്തിന്‍െറ പ്രശസ്ത നടി ഷീല പറഞ്ഞു. മരിച്ചതിന് ശേഷം ഇത്തരം ബഹുമതികള്‍ തനിക്ക് നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രേക്ഷകര്‍ എക്കാലവും എനിക്ക് അംഗീകാരം നല്‍കിയിരുന്നു. താന്‍ ഏറ്റവും വിലകല്‍പിക്കുന്നത് ഈ അംഗീകാരത്തിനാണെന്നും ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിന് നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. ചെമ്മീന്‍ മലയാളത്തിലെ ഏറ്റവും മികച്ച സിനിമയായിരുന്നു. മികച്ച  കഥ, മികച്ച സംവിധായകന്‍, നല്ല അഭിനയം തുടങ്ങി എല്ലാ മേഖലകളിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. എന്നാല്‍, ഈ സിനിമയുടെ 50ാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നീക്കവുമുണ്ടായില്ളെന്ന് അവര്‍ പരിതപിച്ചു. സര്‍ക്കാറിന് ഇതൊന്നും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും താല്‍പര്യമില്ല. രാഷ്ട്രീയക്കാര്‍ പൊതുവെ കലാകാരന്മാരെ അവജ്ഞയോടെയാണ് കാണുന്നത്. എന്നാല്‍, ചെമ്മീന്‍െറ  50ാം വാര്‍ഷികാഘോഷം മസ്കത്തില്‍ നടന്നതില്‍ ഏറെ സന്തോഷമുണ്ട്. മസ്കത്തിലെ മലയാളികള്‍ നല്‍കുന്ന ഈ സ്നേഹത്തിന് എക്കാലവും നന്ദിയുണ്ടാവുമെന്നും ഷീല പറഞ്ഞു. സിനിമയില്‍ ദേശീയ ബഹുമതികള്‍ അടക്കം പല അംഗീകാരങ്ങളും ലഭിക്കണമെങ്കില്‍ പണവും ഡല്‍ഹിയില്‍ പിടിപാടും വേണമെന്ന അവസ്ഥയാണ് കുറെ കാലമായുള്ളത്. എനിക്ക് ഇത് രണ്ടുമില്ലാത്തതുകൊണ്ടാണ് 52 വര്‍ഷമായി സിനിമാരംഗത്ത് സജീവമായുള്ള താന്‍ തഴയപ്പെട്ടത്. ഡല്‍ഹിയില്‍ പിടിപാടും പണവുമുണ്ടെങ്കില്‍ ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചവര്‍ക്കുപോലും ബഹുമതിയും അംഗീകാരവും ലഭിക്കും. രണ്ടോ മൂന്നോ സിനിമയില്‍ അഭിനയിച്ച മോനിഷക്ക് ദേശീയ ബഹുമതികള്‍ കിട്ടിയതെങ്ങനെയാണെന്നും അവര്‍ ചോദിച്ചു. തങ്ങള്‍ സിനിമക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. അതിനാല്‍, ജീവിതത്തില്‍ പലതും നഷ്ടമായിട്ടുണ്ട്. പുതിയ തലമുറയിലെ നടിമാര്‍ ബുദ്ധിയുള്ളവരാണ്. മൂന്നോ നാലോ സിനിമയില്‍ അഭിനയിച്ച് കാശുണ്ടാക്കി അവര്‍ സുഖജീവിതം നയിക്കുകയാണെന്നും ഷീല പറഞ്ഞു. മലയാള സിനിമ വളരുകയാണ്. പുതിയ തലമുറയില്‍ നല്ല കഴിവുള്ള കലാകാരന്മാരുണ്ട്. എല്ലാ മേഖലയിലും ഈ മികവ് കാണാന്‍ കഴിയും. അതിനാല്‍, മലയാള സിനിമക്ക് ഇനിയും ഉയരത്തിലത്തൊനാവും.
ഞാന്‍ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. തന്‍െറ അയല്‍വാസികളും അടുത്തറിയുന്നവരും മലയാളസിനിമയെ സ്നേഹിക്കുന്നവരാണ്. നല്ല കുടുംബകഥകള്‍ മലയാളത്തിലാണുണ്ടാവുകയെന്നവര്‍ പറയും. ചില സിനിമകളെ അവര്‍ പ്രശംസിക്കും. ഇത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷവും ആവേശവും തോന്നാറുണ്ടെന്ന് ഷീല പറഞ്ഞു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഏറെ നല്ലതാണ്. അവരുടെ മുന്നില്‍ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. പ്രശസ്തിയും പണവും അവര്‍ നേടിക്കഴിഞ്ഞു. അതിനാല്‍, രാഷ്ട്രീയത്തിലൂടെ അവര്‍ക്ക് ഇത് നേടേണ്ടതില്ല. എന്നാല്‍, സാധാരണ രാഷ്ട്രീയക്കാര്‍ പേരിനും പണത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നവരാണ്. അതിനാല്‍, രാഷ്ട്രീയത്തിലത്തെുന്ന സിനിമക്കാര്‍ക്ക് നല്ല ജനസേവകരാവാന്‍ കഴിയും. ഗണേഷ് കുമാര്‍ നല്ല മന്ത്രിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.