മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസമായി ഒമാനില്‍ തകര്‍ത്താടുന്ന മഴയില്‍ മരണം മൂന്നായി. രണ്ടുപേര്‍ വെള്ളത്തില്‍ ഒഴുകിപ്പോയും ഒരാള്‍ മിന്നലേറ്റുമാണ് മരിച്ചത്. റുസ്താഖ്, മുദൈബി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മഴ കനത്തത് വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ചില മേഖലകളില്‍ കനത്തമഴ ജനജീവിതം ദുസ്സഹമാക്കി. വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. മരങ്ങള്‍ കടപുഴകിവീണു. മത്ര സൂഖിലെ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളില്‍ അടക്കം മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുതി മുടങ്ങി. നിരവധി പേര്‍ മണിക്കൂറുകള്‍ വാദിയില്‍ കുടുങ്ങി.
കനത്ത മഴ കാരണം ചില സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ഉച്ചക്കുശേഷം ജീവനക്കാര്‍ക്ക് അവധി നല്‍കി. വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ പൂര്‍ണ ജാഗ്രത പാലിക്കണം. വാദി മുറിച്ചുകടക്കരുത്. കടലില്‍നിന്നും തീരത്തുനിന്നും അകന്നുനില്‍ക്കണം. വൈദ്യുതി മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മെഴുകുതിരി, ടോര്‍ച്ച് എന്നിവ കരുതിവെക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുത്. മസ്കത്ത്, മുസന്ദം, ബുറൈമി, അല്‍ ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച ശക്തമായ മഴക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മഴയോടൊപ്പം ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലുമുണ്ടാകാനും സാധ്യതയുണ്ട്.
അതിനിടെ, കനത്ത മഴ കാരണം അല്‍ വുസ്ത, ദോഫാര്‍ ഒഴികെയുള്ള ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, 10ാം ക്ളാസ് പൊതു പരീക്ഷ മാറ്റിവെച്ചിട്ടില്ളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. മറ്റ് ഇന്ത്യന്‍ സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വാദികളിലും മറ്റും ഒഴുക്കില്‍പെട്ട 40 പേരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. ഷിനാസില്‍ വാഹനത്തോടൊപ്പം ഒഴുക്കില്‍പെട്ട ഒരാളെയും രക്ഷപ്പെടുത്തി. നിരവധി മരങ്ങള്‍ കടപുഴകി വീണതും ഗതാഗത തടസ്സമുണ്ടാക്കി. വൈദ്യുതി തൂണുകള്‍ കടപുഴകി വീണത് വൈദ്യുതി തടസ്സമുണ്ടാക്കി. മഴയോടൊപ്പമത്തെിയ കാറ്റ് കാര്‍ഷിക വിളകള്‍ക്കും നാശം വിതച്ചു.
മഴകാരണം വീട്ടുപകരണങ്ങള്‍ക്കും കന്നുകാലികള്‍ക്കും നാശമുണ്ടായി. ഇബ്രി, മുസന്ന, റുസ്താഖ് എന്നിവിടങ്ങളില്‍ കൃഷിനാശമുണ്ടായി. മത്ര സൂഖില്‍ വെള്ളം കയറിയത് കാരണം സൂഖ് അടച്ചു. നാശനഷ്ടം ഒഴിവാക്കാന്‍ ഉല്‍പന്നങ്ങള്‍ കടയില്‍നിന്ന് മാറ്റി. മഴ കാരണം വസ്ത്രങ്ങളും മറ്റും കേടുവന്നത് വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കി.
ഇബ്രി, റുസ്താഖ്, നഖല്‍, ബഹ്ല, നിസ്വ എന്നിവിടങ്ങളില്‍ 45 വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ദാഖിറ ഗവര്‍ണറേറ്റുകളില്‍ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സ്കൂളില്‍ താല്‍ക്കാലിക താമസ ഇടങ്ങള്‍ സജ്ജമാക്കി. വെള്ളം കയറിയത് കാരണം നിരവധി പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയത് കാരണം ബുധനാഴ്ച വൈകീട്ട് റൂവി, ഹംരിയ റോഡില്‍ ഗതാഗതം നിരോധിച്ചു. സീബ്, അല്‍ഖൂദ് എന്നിവിടങ്ങളിലുണ്ടായ വാദി കാരണം ഗതാഗതം തടസ്സപ്പെട്ടു. വാദി മുറിച്ചുകടക്കാന്‍ പലര്‍ക്കും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. സീബ് റോഡില്‍ മരം വീണതും ഗതാഗത തടസ്സത്തിന് കാരണമായി. നിസ്വ, ഇബ്രി, ഇബ്ര, ഇസ്കി, ബഹ്ല, റുസ്താഖ്, മുദൈബി, ദിമാ വ തൈന്‍, മഹ്ദ, നഖല്‍, ഹംരിയ, സീബ്, അല്‍ഖൂദ് തുടങ്ങിയ മേഖലയില്‍ വെള്ളം പൊങ്ങി. ഒമാനിലെ അധിക ഡാമുകളും നിറഞ്ഞു കഴിഞ്ഞു. ഇബ്രി ഡാം നിറഞ്ഞു കവിഞ്ഞതിനാല്‍ വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. ഡാമുകള്‍ നിറഞ്ഞതിനാല്‍ അത്യാഹിതം ഒഴിവാക്കാന്‍ റീജനല്‍ മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രാലയം ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കി. മഴ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല. വാദീ സൊഹാറില്‍ ഒഴുക്കില്‍പെട്ട നാലു വിദേശികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ബോഷര്‍ -അമിറാത്ത് റോഡ് ബുധനാഴ്ച രാത്രിയും ഗതാഗത യോഗ്യമാക്കിയിട്ടില്ല.
ഇബ്രയിലെ സീഹ് അല്‍ അഫ്യയില്‍ ഒഴുക്കില്‍പെട്ട നാലു സ്വദേശികളെ അധികൃതര്‍ രക്ഷപ്പെടുത്തി. ഇബ്രിയില്‍ വാദിയില്‍ കുടുങ്ങിയ ബാലനെ അധികൃതര്‍ രക്ഷപ്പെടുത്തി. ബാലന്‍ ഇബ്രി ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.