ഐ.സി.യുവിന് മുന്നിലെ നോമ്പുതുറ

നോമ്പോര്‍മകള്‍ പലതുമുണ്ടെങ്കിലും ഇന്നും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന ഒന്നാണ് 1989ലെ ഒരു നോമ്പുദിവസം. ചാവക്കാട് ഓവുങ്ങലുകാരായ ഞാനും സുഹൃത്തുക്കളും അക്കാലത്ത് സാമൂഹികരംഗത്ത് സജീവമായിരുന്നു. 
നോമ്പ് ഞങ്ങള്‍ക്ക് ഒരുത്സവമായിരുന്നു. നോമ്പുതുറയും രാത്രി നമസ്കാരവുമെല്ലാം ഞങ്ങള്‍ കൂട്ടുകാര്‍ ഒരുമിച്ചായിരിക്കും പങ്കെടുക്കുക. പതിവുപോലെ അന്നും ഒരു നോമ്പുതുറ ഉണ്ടായിരുന്നു. അങ്ങോട്ട് ഓട്ടോറിക്ഷയില്‍ പോകവേയാണ് റോഡരികിലെ മൈതാനത്തുനിന്ന് കൂട്ടനിലവിളി കേട്ടത്. നോക്കിയപ്പോള്‍ എല്ലാവരും ഓടിമറയുന്നു. 
ഞാനും എന്‍െറ സുഹൃത്ത് റസാക്കും മറ്റും അവിടെ ചാടിയിറങ്ങി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ഒരു യുവാവിനെ കണ്ടു. ഞങ്ങള്‍ മറ്റൊന്നും നോക്കിയില്ല, വണ്ടിയില്‍ കിടന്നിരുന്ന ഒരു ടവല്‍ എടുത്ത് അയാളെ അതില്‍ പൊതിഞ്ഞ് ചാവക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അന്വേഷിച്ചപ്പോള്‍ ആണ് സംഭവം അറിയുന്നത്. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപാനിയായ ഒരു ആനപ്പാപ്പാനെ കളിയാക്കിയതാണ് പ്രശ്നകാരണം. തുടര്‍ന്ന്, അയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. നോമ്പുതുറക്കുന്ന സമയമായപ്പോള്‍ ഐ.സി.യുവിന് മുന്നിലായിരുന്നു. കിട്ടിയ വെള്ളം കുടിച്ച് നോമ്പുതുറന്നു. സ്ഥിതി ഗുരുതരമായിരുന്ന യുവാവിനെ വൈകാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 
അന്നത്തെ നോമ്പുതുറയുടെയും രാത്രി നമസ്കാരത്തിന്‍െറയും സമയത്തെല്ലാം ആശുപത്രിയിലാണ് ചെലവഴിച്ചത്. പ്രാര്‍ഥനകള്‍ വിഫലമാക്കി മൂന്നു പെണ്‍മക്കളുള്ള കുടുംബത്തിലെ ഏക ആണ്‍തരിയായ ആ യുവാവ് മൂന്നു ദിവസത്തിനുശേഷം മരിക്കുകയും ചെയ്തു. ഇന്നും ഓരോ നോമ്പിലും ആ യുവാവിന്‍െറ മുഖം നൊമ്പരമായി മനസ്സില്‍ തെളിയും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.