മനസ്സില്‍നിന്ന് മായാത്ത റമദാന്‍ പ്രഭാഷണം

കുഞ്ഞുനാളില്‍ ഉമ്മ നവൈത്തു ചൊല്ലിപ്പഠിപ്പിച്ച കാലം തൊട്ട് ഓരോ നോമ്പുകാലത്തെയും ഏറെ പ്രതീക്ഷകളോടെ വരവേറ്റിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ വന്നുപോകുന്ന ആയിരം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പരിശുദ്ധമാസത്തെക്കുറിച്ച  പഴയ ഓര്‍മകളില്‍ ചിലതെങ്കിലും ഇന്നും ചിതലരിക്കാതെ കിടപ്പുണ്ട്. അതിലൊന്നാണ് ഹോസ്റ്റല്‍ കാലത്തെ ഒരു നോമ്പുദിവസം. ദാറുസ്സലാം ദഅ്വാ കോളജില്‍ പ്ളസ് ടുവിന് പഠിക്കുന്ന കാലം. മത-ഭൗതിക സമന്വയ വിദ്യാഭ്യാസമായതിനാല്‍ പാഠ്യേതര പരിശീലനങ്ങള്‍ പലതുമുണ്ടായിരുന്നു. അതിലൊന്നാണ് റമദാന്‍ മാസത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രസംഗ പരിശീലനം. കോളജിലെ സാഹിത്യസമാജത്തിലൂടെ നാലാള്‍ക്ക് മുന്നില്‍ എഴുന്നേറ്റുനിന്ന് നാലക്ഷരം വിറക്കാതെ പറയാന്‍ പഠിച്ചവര്‍ റമദാനില്‍ ‘ഉറുദി’ക്ക് ( മതോപദേശ പ്രസംഗം) ഇറങ്ങും. പരിചയമില്ലാത്ത സദസ്സിനുമുന്നില്‍ പറഞ്ഞുപഠിക്കലും അതോടൊപ്പം കേള്‍വിക്കാരില്‍നിന്ന് പിരിഞ്ഞുകിട്ടുന്ന ചില്ലറപ്പൈസയും ലക്ഷ്യമായുണ്ടാകും. ഒന്നാം നോമ്പിനുതന്നെ സമീപത്തുള്ള പള്ളികള്‍ ബുക് ചെയ്യാനായി ഞങ്ങള്‍ മത്സരിച്ചോടും. 
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ പള്ളിമൂലയിലെ കലണ്ടറില്‍ കുറിച്ചിട്ട പ്രകാരം ഓരോരുത്തരായി ഊഴം തേടിയണയും. നമസ്കാരം കഴിയുന്നതുവരെ ഉള്ളിലൊരു വിറയലാണ്. എങ്ങനെ തുടങ്ങും, പറയുമ്പോള്‍ കൈകള്‍ എവിടെ കെട്ടും എന്നിങ്ങനെ. സലാം വീട്ടി ദുആയും കഴിഞ്ഞാല്‍, ഇമാം നല്‍കുന്ന സൂചനക്ക് പിന്നാലെ പതിയെ എഴുന്നേറ്റ് നില്‍ക്കും. പിന്നെ മുന്നില്‍ നില്‍ക്കുന്നവരുടെ എണ്ണവും വണ്ണവും നോക്കാതെ പഠിച്ചുവെച്ച കാര്യങ്ങള്‍ ഒരൊഴുക്കില്‍ ഒരു പറച്ചിലാണ്. എന്നും കേട്ടുമടുത്ത വിഷയങ്ങളാണെങ്കിലും ചിലരെങ്കിലും ഒരു സമാധാനത്തിന് സദസ്സിലിരുന്നുതരും. മറ്റു ചിലര്‍ സെക്രട്ടറി വശം എന്തെങ്കിലും ചില്ലറയും കൊടുത്ത് പതിയെ സ്ഥലം വിടും. എന്നാല്‍, ആത്മാര്‍ഥതയോടെ മുന്നില്‍ കാതും കൂര്‍പ്പിച്ചിരിക്കുന്നവരും ഇല്ലാതില്ല കേട്ടോ. അത്തരത്തിലൊരാളായിരുന്നു അന്ന് ഞാന്‍ പരിചയപ്പെട്ട ആ വലിയ മനസ്സിനുടമ. അസ്ര്‍ നമസ്കാരവും കഴിഞ്ഞ് 15 മിനിറ്റോളം നീണ്ട എന്‍െറ പ്രസംഗത്തിനിടെ ഓരോരുത്തരായി എഴുന്നേറ്റുപോയി. ഏതാണ്ട് ഒരു 60 കഴിഞ്ഞ വൃദ്ധന്‍ മറ്റു മൂന്നു നാലുപേര്‍ക്കൊപ്പം എന്‍െറ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിപ്പുണ്ടായിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധാലുക്കളായ മുഖങ്ങള്‍ പ്രസംഗകനെന്നും ഒരാവേശമാണല്ളോ! ഒരു വാചകക്കസര്‍ത്തു കഴിഞ്ഞ് എന്നെയും കാത്തുനില്‍ക്കുന്ന പള്ളി സെക്രട്ടറിയില്‍നിന്ന് പിരിഞ്ഞ് കിട്ടിയ പണം എണ്ണിനോക്കാതെ കീശയിലിട്ട് പുറം പള്ളിയിലേക്ക് നടന്ന എന്‍െറ അടുത്തത്തെി അയാള്‍ സലാം ചൊല്ലി. കുശലാന്വേഷണങ്ങള്‍ക്കിടെ ഒരു നൂറുരൂപ നോട്ട് എന്‍െറ പോക്കറ്റില്‍ തിരുകി. ദുആ വസ്വിയ്യത്തോടെ അയാള്‍ തിരികെ നടക്കുമ്പോള്‍ കീശയില്‍ ചുരുട്ടിയിട്ട നോട്ടിന്‍െറ വലുപ്പം കണ്ട് എന്‍െറ കണ്ണു തള്ളി. കാരണം, കിട്ടുന്നത് എല്ലാംകൂടി കൂട്ടിനോക്കിയാലും ദിവസവും അമ്പതിന്‍െറയോ അറുപതിന്‍െറയോ മേലെ പോകാറില്ലായിരുന്നു. 
ഒരിക്കല്‍ കൂടി ആ വലിയ മനുഷ്യനെ കാണാനായി ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. അപ്പോഴാണ് ഞാന്‍ ശരിക്കും അമ്പരന്നത്. മീന്‍ വില്‍ക്കുന്ന, നീല ബോക്സ് കെട്ടിയ ഒരു സൈക്കിളും ചവിട്ടി അയാള്‍ നീങ്ങുന്നു. എന്‍െറ കണ്ണുകള്‍ നിറഞ്ഞുപോയി. 
കാരണം അന്നൊക്കെ വൈകുന്നേരം വരെ കഷ്ടപ്പെട്ട് മീന്‍ വിറ്റാല്‍ കിട്ടുന്ന തുകയാണ് എനിക്കദ്ദേഹം തന്നത്.  പ്രസംഗത്തിലെ ദാനധര്‍മത്തെക്കുറിച്ചുള്ള എന്‍െറ വാചകക്കസര്‍ത്തുകള്‍ കേട്ട് ഉള്ളതെന്തും ഇരുചെവിയറിയാതെ ദാനം ചെയ്യുന്ന അദ്ദേഹത്തിന്‍െറ മഹാമനസ്കതക്കുമുന്നില്‍ അലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.