ടാക്സിയിലെ നോമ്പുതുറ

വീണ്ടും ഒരു നോമ്പുകാലം. ദാനധര്‍മങ്ങള്‍ക്കും പാവങ്ങളെ സഹായിക്കുന്നതിനും  ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസം. ഒമാനികളും ഈ പുണ്യമാസത്തെ വളരെ ആദരവോടെയാണ് സ്വീകരിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും വിഭവങ്ങളും തൊട്ടടുത്ത പള്ളിയിലേക്കും ടെന്‍റുകളിലേക്കും കൊടുത്തയച്ച് യാത്രക്കാരെയും മറ്റു നിരവധി ആളുകളെയും നോമ്പുതുറപ്പിക്കുന്നു. ഇതെല്ലാം നോമ്പുകാലത്തെ ഒമാനിലെ പതിവുകാഴ്ചകളാണ്. കഴിഞ്ഞവര്‍ഷത്തെ നോമ്പുകാലത്ത് എനിക്കുണ്ടായ ഒരു അനുഭവം ഇന്നും മനസ്സില്‍നിന്ന് മായാതെനില്‍ക്കുന്നു. ഒരു നോമ്പുദിവസം വൈകീട്ട്, സുവൈക്കില്‍നിന്ന് മബേല വരെ പോകാന്‍ ടാക്സിക്ക് കാത്തുനിന്നു. ഏകദേശം നോമ്പുതുറക്കാന്‍ സമയമായിട്ടുണ്ടായിരുന്നു. ഒത്തിരി സമയം കാത്തുനിന്നപ്പോള്‍ ഒരു ടാക്സി വന്നു. വേറെ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ബാങ്ക് വിളിക്കാന്‍ 30 മിനിറ്റേ ബാക്കിയുണ്ടായിരുന്നുള്ളൂ. നോമ്പു തുറക്കാനാകുമ്പോഴേക്കും മബേല എത്തില്ല. എങ്ങനെ നോമ്പുതുറക്കും എന്നു ചിന്തിച്ചിരിക്കേ ടാക്സി ഓടിക്കുന്ന ഒമാനിയോട് ഞാന്‍ പറഞ്ഞു, നോമ്പു തുറക്കാനാകുമ്പോള്‍ ഏതെങ്കിലും കഫ്റ്റീരിയയുടെയോ റസ്റ്റാറന്‍റിന്‍െറയോ അടുത്ത് വണ്ടി നിര്‍ത്തണം. എനിക്ക് നോമ്പുതുറക്കണം. അവന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: ‘മാഫി മുഷ്കില്‍,  ഇന്‍ഷാ അള്ളാ’. അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി. കുറച്ച് ദൂരം ഓടിയപ്പോഴേക്കും മഗ്രിബ് ബാങ്ക് വിളിച്ചു. ഡ്രൈവര്‍ വണ്ടി പ്രധാന റോഡില്‍നിന്ന് സൈഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തു. ഡ്രൈവര്‍ വണ്ടിയുടെ ഡാഷ് തുറന്ന് അതില്‍നിന്ന് ഒരു പൊതി പുറത്തെടുത്തു. നല്ലവണ്ണം  തണുത്ത രണ്ടു ചെറിയ വെള്ളത്തിന്‍െറ ബോട്ടിലും രണ്ട് ലബനും കുറച്ച് ഈത്തപ്പഴവും ഒരു പ്ളാസ്റ്റിക് ബോക്സില്‍ വീട്ടില്‍ ഉണ്ടാക്കിയ കേക്ക്, സമൂസ തുടങ്ങിയ പലഹാരങ്ങളും.  വിഭവങ്ങള്‍ സീറ്റില്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും നോമ്പുതുറന്നു. പലഹാരങ്ങള്‍ മുഴുവനും തിന്നാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ലളിതമെങ്കിലും മനോഹരമായ ഒരു നോമ്പുതുറ. എനിക്ക് ഒത്തിരി സന്തോഷമായി. ഭക്ഷണംകഴിച്ച് ഡ്രൈവര്‍  എന്നോട് ചോദിച്ചു: ഇനി കഫ്റ്റീരിയയില്‍ പോകണോ? ഞാന്‍ പറഞ്ഞു: വേണ്ട. എന്‍െറ വയര്‍ നിറഞ്ഞു. നോമ്പുതുറക്കുന്ന സമയത്ത് വീട്ടില്‍നിന്ന് ഇറങ്ങുകയാണെങ്കില്‍ എന്നും ഇതുപോലെ ഒന്നുരണ്ട് പേര്‍ക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങള്‍ കരുതാറുണ്ട്. ഇന്ന് നീയാണ് എനിക്ക് കിട്ടിയ അതിഥി- ഒമാനി ഒരുപാട് സന്തോഷത്തോടെ എന്നോട് പറഞ്ഞു. നാട്ടിലും ഒമാനിലും നിരവധി നോമ്പുതുറകളിലും വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്നിലും ഒക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്നൊന്നും ലഭിക്കാത്ത  മാനസികസംതൃപ്തിയും മറക്കാനാവാത്ത ഒരു നോമ്പനുഭവവുമാണ് കേവലം ഒരു മണിക്കൂര്‍ നീണ്ട ഈ ടാക്സി യാത്രയില്‍ എനിക്ക് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.