ഇറക്കുമതി ചെയ്യുന്ന ജല, മത്സ്യ ഉൽപന്നങ്ങൾl; നിർബന്ധിത സർട്ടിഫിക്കേഷൻ നടപ്പാക്കും

മസ്‌കത്ത്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ജല, മൽസ്യ മീൻ ഉൽപന്നങ്ങൾക്ക് നിർബന്ധിത അംഗീകൃത സർട്ടിഫിക്കേഷൻ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി കമ്പനികൾക്ക് അന്തിമ മുന്നറിയിപ്പും നൽകി.

പുതിയ നിയമപ്രകാരം, ഒമാനിലേക്ക് കുപ്പിവെള്ളം, ഫാം മൽസ്യങ്ങൾ, ടിന്നിലടച്ച ഫിഷ് ഉൽപന്നങ്ങൾ തുടങ്ങിയവ കയറ്റി അയക്കുന്ന വിദേശ സ്ഥാപനങ്ങൾ അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക അംഗീകാരം ഉള്ളവയായിരിക്കണം. അല്ലാത്തപക്ഷം, ഇത്തരം ഉൽപന്നങ്ങൾക്ക് ഒമാൻ വിപണിയിൽ പ്രവേശനം അനുവദിക്കില്ല. സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ഇറക്കുമതി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷയും ഗുണമേന്മാ സംവിധാനവും ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ ഇറക്കുമതി നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നതിനുമായാണ് ഈ നടപടി. റോയൽ ഡിക്രി നമ്പർ 84/2008 പ്രകാരമുള്ള ഭക്ഷ്യസുരക്ഷ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് ഇതു നടപ്പാക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ പാലിക്കാൻ കമ്പനികൾക്ക് പ്രഖ്യാപന തീയതിയിൽ നിന്ന് ആറുമാസത്തെ സാവകാശ കാലയളവ് അനുവദിച്ചിരുന്നു. ബാധിത ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ തടസ്സം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എഫ്.എസ്.ക്യു.സി അഭ്യർഥിച്ചു.

ഇറക്കുമതി ബിസിനസ് ചെയ്യുന്നവർ തങ്ങളുടെ വിദേശ വിതരണക്കാർക്ക് ആവശ്യമായ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ നിർദേശിച്ചു. നിയമം പാലിക്കാത്ത ഭക്ഷ്യസ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവെച്ചതിനെ തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ, ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി രാജകീയ ഉത്തരവ് 70/2026 പ്രകാരം പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകളും നിലവിൽ വരുത്തിയിട്ടുണ്ട്. ഇത് ഏപ്രിൽ 13-ന് പ്രാബല്യത്തിൽ വന്നുവെങ്കിലും നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധനകളുമായി പൊരുത്തപ്പെടാൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Mandatory certification to be implemented for imported aquatic and fish products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.