വാദിദൈഖ അണക്കെട്ടില്‍നിന്ന് കുടിവെള്ള വിതരണം: പദ്ധതി 2019ല്‍ പ്രവര്‍ത്തന സജ്ജമാകും

മസ്കത്ത്: ഖുറിയാത്തിലെ വാദിദൈഖ അണക്കെട്ടില്‍നിന്നുള്ള ജലം ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്താനുള്ള പദ്ധതി 2019ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വൈദ്യുതി, ജല അതോറിറ്റി അറിയിച്ചു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഭൗമോപരിതലത്തിലെ ജലം കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ഒമാനിലെ ആദ്യ പദ്ധതിയാകും ഇത്. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സ്രോതസ്സുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ മസ്കത്തിലെയും ഖുറിയാത്തിലെയും ജലവിതരണം സുഗമമാകും. അണക്കെട്ടില്‍നിന്നുള്ള വെള്ളം പൈപ്പ്ലൈനുകള്‍ ഉപയോഗിച്ച് കൊണ്ടുപോയി രണ്ടു ചെറു അണക്കെട്ടുകളില്‍ സംഭരിച്ച് നിര്‍ത്തുകയാണ് ചെയ്യുക. ജലസംസ്കരണ പ്ളാന്‍റും പമ്പിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിദിനം 67,000 മീറ്റര്‍ ക്യൂബ് കുടിവെള്ളം ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് 2022 വരെ നീളുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉല്‍പാദിപ്പിക്കുന്നതില്‍ ബാക്കി ജലം കാര്‍ഷികാവശ്യത്തിനാകും ഉപയോഗിക്കുക.
എന്നിരുന്നാലും അത്യാവശ്യഘട്ടം ഉണ്ടാകുന്ന പക്ഷം കാര്‍ഷികാവശ്യത്തിനുള്ള ജലവും കുടിവെള്ള വിതരണത്തിനായി തിരിച്ചുവിടാന്‍ കഴിയും. ഇതോടെ പ്രതിദിന കുടിവെള്ള ഉല്‍പാദനം 1.25 ലക്ഷം മീറ്റര്‍ ക്യൂബ് ആയി ഉയരും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായാണ് ജലസംസ്കരണ പ്ളാന്‍റും ഖുറിയാത്തില്‍ നിന്ന് മസ്കത്തിലേക്ക് വിതരണ പൈപ്പ്ലൈനും സ്ഥാപിക്കുക. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് 176 ദശലക്ഷം ഡോളറിന്‍െറ സഹായം നല്‍കും. സംസ്കരിച്ച ജലം വാദിദൈഖയില്‍നിന്ന് അമിറാത്തിലെ ദീം റിസര്‍വോയറില്‍ എത്തിക്കുന്നതിനുള്ള 50 കി.മീറ്റര്‍ നീളുന്ന പൈപ്പ്ലൈനിന്‍െറ കരാര്‍ ഈജിപ്ഷ്യന്‍ കമ്പനിക്കാണ്. അണക്കെട്ടില്‍നിന്ന് 2.3 കിലോമീറ്റര്‍ വടക്കുമാറിയുള്ള മസാറ ഗ്രാമത്തിലാണ് പദ്ധതിയുടെ ഭാഗമായ ജലസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുക. പ്ളാന്‍റിനായി നാലു കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 3,38,79,113 റിയാലിന്‍െറ ടെന്‍ഡര്‍ സമര്‍പ്പിച്ച ഡീഗ്രൊമൊണ്ട് മിഡലീസ്റ്റ് എന്ന സ്ഥാപനമാണ് കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്ഥാപനം. ബെയ്ജിങ് സൂപ്പര്‍ ടെക്നോളജി കമ്പനിയാണ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത്, 7,47,32,648 റിയാല്‍. ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും മെറ്റീറ്റോ ഓവര്‍സീസ് ലിമിറ്റഡുമാണ് മറ്റു രണ്ട് കമ്പനികള്‍. തെരഞ്ഞെടുക്കുന്ന കമ്പനിക്ക് ഡിസൈന്‍, ബില്‍ഡ്, ഓപറേറ്റ് വ്യവസ്ഥയില്‍ ആയിരിക്കും കരാര്‍ നല്‍കുക.
പത്തു വര്‍ഷത്തേക്കാകും കരാര്‍ നല്‍കുക. സംസ്കരിച്ച ജലം ശേഖരിക്കുന്നതിനായി 70,000 മീറ്റര്‍ ക്യൂബ് ശേഷിയുള്ള സംഭരണിയും ഇവിടെ നിര്‍മിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.