?????? ??????????? ??????

പലിശനിരക്ക് വര്‍ധിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

മസ്കത്ത്: വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമുള്ള പലിശനിരക്ക് വര്‍ധിപ്പിക്കരുതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് നിര്‍ദേശം. 
ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് പണലഭ്യത കുറക്കാന്‍ കാരണമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ചില ബാങ്കുകള്‍ വായ്പക്കും നിക്ഷേപത്തിനും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ബാങ്ക് സൊഹാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് 4.99 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഫണ്ട്  ചെലവുകള്‍ വര്‍ധിച്ചെന്ന കാരണം പറഞ്ഞാണ് ബാങ്ക് സൊഹാര്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നവംബര്‍ 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, സെന്‍ട്രല്‍ ബാങ്കിന്‍െറ നിര്‍ദേശം വന്നതോടെ നടപടി മരവിപ്പിച്ചിരിക്കുകയാണ്. 
എണ്ണവില കുറഞ്ഞത് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒമാന്‍ അടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എണ്ണവില കുറഞ്ഞതോടെ സര്‍ക്കാര്‍ പദ്ധതികളും പ്രതിസന്ധി നേരിടുകയാണ്. ഇത് നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തിവെക്കാനോ മാറ്റിവെക്കാനോ കാരണമാക്കിയിട്ടുണ്ട്. ബാങ്കുകളില്‍ സര്‍ക്കാര്‍ നിക്ഷേപം കുറയാനും സാമ്പത്തികപ്രതിസന്ധി കാരണമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിക്ഷേപം കുറഞ്ഞത് ബാങ്കുകളിലെ പണത്തിന്‍െറ അളവ് കുറക്കാനും കാരണമായി. 
ഇത് പരിഹരിക്കാനാണ് ചില ബാങ്കുകള്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍, പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് പൊതുവേ തളര്‍ച്ച ബാധിച്ച സാമ്പത്തികമേഖലയെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്ന് കണക്കാക്കുന്നു. നിലവിലുള്ള അവസ്ഥയില്‍ സാമ്പത്തികരംഗത്ത് വളര്‍ച്ചയുണ്ടാക്കേണ്ടത് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമാണ്. അതിനാല്‍, സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. കൂടുതല്‍ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കുന്നത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം നിരവധി ഗുണഫലങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, പലിശനിരക്ക് വര്‍ധിക്കുന്നത് പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇത് മുന്നില്‍ കണ്ടാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്. ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കില്ളെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് എക്സിക്യൂട്ടിവ് പ്രസിഡന്‍റ് ഹമൂദ് സംഗൂര്‍ അല്‍ സദ്ജാലി പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്കുകള്‍ വര്‍ധിക്കുന്നത് ഡോളര്‍ ശക്തമാവാന്‍ കാരണമാവും. ഇത് പല രാജ്യങ്ങളുടെയും റിപ്പോ നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാക്കും. 385 ബൈസയാണ് ഒമാന്‍ റിയാല്‍-ഡോളര്‍ അനുപാതം. ഡോളര്‍ വില വര്‍ധിക്കുമ്പോള്‍ റിയാല്‍-ഡോളര്‍  റിപ്പോ നിരക്കില്‍ വരുന്ന അധിക സംഖ്യ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കേണ്ടി വരും. ഇതും ഒമാന്‍ സാമ്പത്തികവ്യവസ്ഥക്ക് അധിക ബാധ്യതയാവും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.