കത്തുന്ന വാഹനത്തില്‍നിന്ന് കുട്ടികളെ പുറത്തെടുത്ത സ്വദേശിക്ക് അഭിനന്ദന പ്രവാഹം

മസ്കത്ത്: സൂര്‍ ബിലാദില്‍ കഴിഞ്ഞ ബുധനാഴ്ച പെട്രോള്‍ പമ്പില്‍ ഇന്ധനമടിക്കവേ തീപിടിച്ച വാഹനത്തില്‍നിന്ന് കുട്ടികളെ പുറത്തെടുത്ത സ്വദേശിക്ക് അഭിന്ദന പ്രവാഹം. 43കാരനായ മുഹമ്മദ് അലി ഹാഷ്മിക്ക് ജനങ്ങളുടെയും സാമൂഹിക മാധ്യമങ്ങളില്‍നിന്നുമുള്ള അഭിന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. അതേസമയം, തീപിടിച്ച വാഹനത്തില്‍നിന്ന് രക്ഷപ്പെട്ട ജോര്‍ഡാനിയന്‍ ബാലികയായ ഗസാല്‍ മുഹമ്മദ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഗസാലിന് 75 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 
30 ശതമാനം പൊള്ളലേറ്റ സഹോദരന്‍ സുലൈമാന്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കത്തുന്ന വാഹനത്തില്‍നിന്ന് മുഹമ്മദ് അലി ഹാഷ്മി കുട്ടികളെ പുറത്തെടുക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അഞ്ചുകുട്ടികളുടെ പിതാവായ ഇദ്ദേഹം പ്രിന്‍റിങ് ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. അല്‍ മഹാ പെട്രോള്‍ പമ്പില്‍ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.  ഇന്ധനം നിറക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷം പിതാവ് കുട്ടികള്‍ക്ക് സാധനങ്ങള്‍ വാങ്ങാനായി പമ്പിലെ കടയില്‍ കയറിയ ഉടനെയാണ് അപകടം നടന്നത്. പെട്രോള്‍ സ്റ്റേഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം വാഹനത്തിലിരുന്ന് അവ പരിശോധിക്കവേയാണ് ഫോര്‍വീലര്‍ വാഹനത്തിന് തീപിടിച്ചത് കാണുന്നതെന്ന് അലി ഹാഷ്മി പറയുന്നു. തന്‍െറ കുട്ടികള്‍ കാറിനകത്ത് ഉണ്ടെന്ന് പറഞ്ഞ് അലറിക്കൊണ്ട് പിതാവ് വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നതും കണ്ടു. ഇദ്ദേഹം രണ്ടുതവണ വാഹനത്തിനടുത്തത്തെി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് രണ്ടും കല്‍പിച്ച് താന്‍ വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നത്. തനിക്ക് എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് അപ്പോള്‍ ചിന്തിച്ചില്ല.  ഡ്രൈവറുടെ ഭാഗത്തുള്ള ഡോര്‍ ആണ് ആദ്യം തുറന്നത്. പമ്പിലെ ജീവനക്കാര്‍ ഫയര്‍ എക്സിറ്റിംഗ്വിഷര്‍ ഉപയോഗിക്കുന്നതിനാല്‍ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. ആദ്യം ആണ്‍കുട്ടിയെയാണ് കൈയില്‍ കിട്ടിയത്. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലൂടെ അകത്ത് കടന്നപ്പോള്‍ സീറ്റിനടിയില്‍ പെണ്‍കുട്ടിയെ കണ്ടു. ശ്വാസം മുട്ടുന്ന സാഹചര്യമായിരുന്നെങ്കിലും പെണ്‍കുട്ടിയെ കൂടി പുറത്തെടുത്തു. ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ പിതാവിനെയും കയറ്റി ഉടന്‍ സൂര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലേും അപ്പോഴേക്കും പമ്പിലെ ജീവനക്കാരായ വര്‍ക്കല ഷാജി, സലിലു കണ്ണൂര്‍, മജീദ് കണ്ണൂര്‍ തുടങ്ങിയവര്‍ തീ ഏതാണ്ട് അണച്ചിരുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാത്തതാണ് പെട്രോള്‍ സ്റ്റേഷനുകളിലെ അപകടങ്ങള്‍ക്ക് കാരണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. ഇന്ധനം നിറക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദേശം പലരും പാലിക്കാറില്ളെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.