റസ്റ്റാറന്‍റുകളിലെയും ബാര്‍ബര്‍ഷോപ്പുകളിലെയും നിയമലംഘനത്തിന് ഇനി കനത്ത പിഴ

മസ്കത്ത്: ആരോഗ്യ, സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍െറ ഭാഗമായി നിയമലംഘനം നടത്തുന്ന റസ്റ്റാറന്‍റ്, കോസ്മെറ്റിക് കട, ബാര്‍ബര്‍ ഷോപ് ഉടമകളില്‍നിന്ന് കനത്തപിഴ ചുമത്തുമെന്ന് റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. 
മന്ത്രാലയത്തിന്‍െറ അധികാരപരിധിയില്‍ വരുന്ന മസ്കത്ത്, ദോഫാര്‍ ഒഴിച്ച് ഒമ്പതു ഗവര്‍ണറേറ്റുകളിലെ 44 വിലായത്തുകളിലാകും നിയമഭേദഗതി പ്രാബല്യത്തില്‍വരുകയെന്ന് മന്ത്രാലയത്തിലെ ഉപമന്ത്രി ഹമദ് ബിന്‍ സെയ്ഫ് അല്‍ ഗരീബി അറിയിച്ചു. സൊഹാര്‍ വിലായത്തും നിയമഭേദഗതിക്ക് പുറത്താണുള്ളത്. റസ്റ്റാറന്‍റുകളിലെയും ബാര്‍ബര്‍ഷോപ്പുകളിലെയും വര്‍ധിക്കുന്ന ആരോഗ്യ, സുരക്ഷാ നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിനായി 29 നിയമലംഘനങ്ങള്‍ ചേര്‍ത്താണ് ഭേദഗതിവരുത്തിയിരിക്കുന്നത്. 500 റിയാല്‍വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷ. 1999നുശേഷം കുറച്ചുതവണ മാത്രമേ ആരോഗ്യനിയമവും നിയമലംഘനങ്ങളും ഭേദഗതി ചെയ്തിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു. നിലവിലെ ശിക്ഷാരീതികള്‍ നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ പര്യാപ്തമല്ളെന്നും പിഴയടച്ച് പുറത്തിറങ്ങിയ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്നും മന്ത്രാലയത്തിലെ പ്രിവന്‍റിവ് ഹെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗം മേധാവി ഫാദില അല്‍ ബാഹ്രി പറഞ്ഞു. ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ ഉപഭോക്താവിന്‍െറ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പുകളിലും റസ്റ്റാറന്‍റുകളിലും ഭക്ഷ്യവിഷബാധയടക്കം ആവര്‍ത്തിക്കുന്നതിന് കാരണം കര്‍ക്കശമായ ശിക്ഷയുടെ അഭാവമാണെന്നും അവര്‍ പറഞ്ഞു. 
മസ്കത്ത്, ദോഫാര്‍ ഗവര്‍ണറേറ്റുകളും സൊഹാര്‍ വിലായത്തും പുതിയ നിയമഭേദഗതിയുടെ പരിധിയില്‍വരില്ല. മസ്കത്തിലെ ശിക്ഷാനടപടികള്‍ സാധാരണ മറ്റു ഗവര്‍ണറേറ്റുകളെക്കാള്‍ കൂടുതലാണ്, അതിനാലാണ് പുതിയ ഭേദഗതി ഇവിടെ നടപ്പിലാക്കാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമമനുസരിച്ച് വിഷബാധക്ക് കാരണമാകുന്ന ഭക്ഷണശാലയുടെ ഉടമ 300 റിയാലാണ് പിഴയടക്കേണ്ടത്. ഭേദഗതിയില്‍ പിഴസംഖ്യ 500 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്ഥാപനം അടച്ചിടുകയും വേണം. കുറ്റകൃത്യം ആവര്‍ത്തിക്കുന്നപക്ഷം പിഴസംഖ്യ ഇരട്ടിയാകും. ആറുമാസത്തേക്ക് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാകും അന്വേഷണം നടത്തുക. സംശയംതോന്നുന്ന ഭക്ഷണസാധനങ്ങളുടെ സാമ്പ്ള്‍ ലബോറട്ടറികളില്‍ ഇവര്‍ പരിശോധന നടത്തി അതിന്‍െറ ഫലത്തിന്‍െറ അടിസ്ഥാനത്തിലാകണം നടപടിയെടുക്കേണ്ടത്. 
പെര്‍മിറ്റ് ഇല്ലാത്തതിനുള്ള പിഴ 30 റിയാലില്‍നിന്ന് 50 റിയാലാക്കി. അംഗീകൃത ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്തപക്ഷം ജോലിക്കാരന്‍ ഒന്നിന് അഞ്ചു റിയാലായിരുന്നു നേരത്തേ പിഴ. ഭേദഗതിയില്‍ ഇത് 30 റിയാല്‍ വീതമായി ഉയര്‍ത്തി. അനുയോജ്യമല്ലാത്ത ടവലുകളോ ഉപകരണങ്ങളോ ഉപയോഗിക്കുന്ന ബാര്‍ബര്‍മാര്‍ക്കുള്ള പിഴ അഞ്ചു റിയാലില്‍നിന്ന് 50 റിയാലായി ഉയര്‍ത്തി. അണുവിമുക്തമല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാലും ഈ പിഴ നല്‍കണം. കന്നുകാലികളെയും കോഴികളെയും അനധികൃത സ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നവര്‍ ഇനി നൂറ് റിയാല്‍ പിഴയായി നല്‍കണം. നേരത്തേ 30 റിയാലായിരുന്നു. 
മുസന്ദം, അല്‍ വുസ്ത, അല്‍ ബുറൈമി, തെക്ക്, വടക്കന്‍ ബാത്തിന, അല്‍ ദാഹിറ, അല്‍ ദാഖിലിയ, തെക്ക്, വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞവര്‍ഷം ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 34,290 പെര്‍മിറ്റുകള്‍ നല്‍കിയതായി അല്‍ ബാഹ്രി അറിയിച്ചു. 3767 കമ്പനികള്‍, 22,143 ഗ്രോസറി സ്റ്റോറുകള്‍, 2442 റസ്റ്റാറന്‍റുകള്‍, 5938 കോഫീഷോപ്പുകള്‍ എന്നിവക്കാണ് അനുമതി നല്‍കിയത്. 
വടക്കന്‍ ബാത്തിനയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കിയത്, 7563. പെര്‍മിറ്റുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നിയമലംഘനങ്ങളുടെ തോത് 12.35 ശതമാനമാണ്. പുതിയ നിയമഭേദഗതി യഥാവിധി നടപ്പിലാക്കുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് അല്‍ ബാഹ്രി പ്രത്യാശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.