മസ്കത്ത്: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിന്‍െറ ആദ്യമത്സരത്തില്‍ ആതിഥേയരായ ഒമാന് മിന്നും ജയം. സീബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒമാന്‍ തുര്‍ക്മെനിസ്താനെ കെട്ടുകെട്ടിച്ചത്. ഒമാനുവേണ്ടി ഏഴാം മിനിറ്റില്‍ റഈദ് ഇബ്രാഹീം സാലെയാണ് ആദ്യം വലകുലുക്കിയത്. ജയം ലക്ഷ്യമിട്ട് ആക്രമിച്ച് കളിച്ച ഒമാന് തന്നെയായിരുന്നു മത്സരത്തില്‍ മുഴുവന്‍ സമയവും ആധിപത്യം. 10ാം മിനിറ്റില്‍ തുര്‍ക്മെനിസ്താന്‍െറ എം. സ്പാരോയുടെ സെല്‍ഫ് ഗോളിലൂടെ ഒമാന്‍ ലീഡ് നില ഉയര്‍ത്തി. 59ാം മിനിറ്റില്‍ സൂപ്പര്‍ താരം ഇമാദ് അല്‍ ഹൊസ്നിയിലൂടെ ഒമാന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
83ാം മിനിറ്റില്‍ എ. അമാനോവാണ് തുര്‍ക്മെനിസ്താന്‍െറ ആശ്വാസ ഗോള്‍ നേടിയത്. ഒമാന്‍ വലക്കുകീഴില്‍ ക്യാപ്റ്റന്‍ അലി അല്‍ ഹബ്സിയും മികച്ച സേവുകള്‍ കൊണ്ട് കാണികളുടെ മനം കവര്‍ന്നു. ജയത്തോടെ ഗ്രൂപ്പില്‍ ഒമാനും ഗുവാമിനും ആറു പോയന്‍റ് വീതമായി. എന്നാല്‍, ഗോള്‍ ശരാശരിയില്‍ മുന്നിലായതിനാല്‍ ഒമാന്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി.
ഗ്രൂപ്പില്‍നിന്ന് ഒരാള്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടുകയുള്ളൂ. സമനിലപോലും ഒമാന്‍െറ മുന്നോട്ടുള്ള സാധ്യതകളെ ബാധിക്കുമായിരുന്നു. അതിനാല്‍ ആവേശം നിറഞ്ഞ കളിയാണ് ഒമാന്‍ കാഴ്ചവെച്ചത്.
സീബ് സ്റ്റേഡിയത്തിലെ കാണികള്‍ ഒമാന്‍െറ ഓരോ നീക്കത്തിനും ആവേശംനിറഞ്ഞ പിന്തുണ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.