മസ്കത്ത്: മസ്കത്തിലെ കലാ സാംസ്കാരിക വേദിയായ ഭാവലയയുടെ ഈ വര്‍ഷത്തെ കലാപുരസ്കാരം ടി.വി സീരിയല്‍ സംവിധായകന്‍ കെ.കെ. രാജീവിന് സമ്മാനിക്കും. നാട്യകലാരത്നം അവാര്‍ഡിന് നര്‍ത്തകി പത്മിനി കൃഷ്ണമൂര്‍ത്തി അര്‍ഹയായി. ഭാവലയ ചെയര്‍മാന്‍ ഡോ. ജെ. രത്നകുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ടെലിവിഷന്‍ പരമ്പരകള്‍ക്ക് നിലവാരം കുറയുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടയിലും നിലവാരമുള്ള സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതിനാണ് കെ.കെ. രാജീവിനെ പുരസ്കാരം നല്‍കി ആദരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 50001 രൂപയും ഫലകവുമാണ് പുരസ്കാരം. മസ്കത്തിലെ അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകി പത്മിനി കൃഷ്ണമൂര്‍ത്തിക്കാണ് നാട്യ കലാരത്നം സമ്മാനിക്കുക. ഈ മാസം 17ന് റൂവി അല്‍ഫലജ് ഹോട്ടലില്‍ നടക്കുന്ന ഭാവലയം പരിപാടിയില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേ, ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് സദ്ജാലി എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസുഫ് സംവിധാനം ചെയ്ത് ഭാവലയ നിര്‍മിച്ച ടൂ ബീ ഓര്‍ നോട്ടുബീ എന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
പത്മിനി കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ നൃത്ത നാടകം നവരസ നായകി, ആര്‍.എല്‍.വി ബാബു ചിട്ടപ്പെടുത്തിയ നാടന്‍നൃത്തം എന്നിവയും അരങ്ങേറും. 18ന് ടി.വി സീരിയലുകളുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.
മസ്കത്ത് യുനീക് ഡയമണ്ട് എന്‍റര്‍ടെയിന്‍മെന്‍റ് എം.ഡി ഗിരിജ ബേക്കര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.