ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് 26ന് കൊടിയേറും

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്  കേരള വിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലുള്ള 13ാമത് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് ഈമാസം 26ന് കൊടി ഉയരും. അമിറാത്ത് പാര്‍ക്കില്‍ പ്രത്യേകം തയാറാക്കുന്ന ഉത്സവഗ്രാമത്തില്‍ 26 മുതല്‍ 28 വരെ നടക്കുന്ന ഫെസ്റ്റിവലിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.എം. ജാബിര്‍ പറഞ്ഞു. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് ആണ് മുഖ്യാതിഥി. മൂന്നുവര്‍ഷമായി നല്‍കിവരുന്ന കൈരളി-അനന്തപുരി അവാര്‍ഡിന് ഇത്തവണ അര്‍ഹനായത് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലാണ്. കാഷ് അവാര്‍ഡും മെമന്‍േറായും അടങ്ങുന്നതാണ് അവാര്‍ഡ്. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മികച്ച കലാരൂപങ്ങള്‍ ഇക്കുറി അരങ്ങിലത്തെിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സിന്‍െറയും സഹകരണത്തോടെ വിവിധ കലാരൂപങ്ങളില്‍ പ്രഗല്ഭരായ 30 കലാകാരന്മാരെയാണ് ഇതിനായി ഒമാനിലത്തെിക്കുക. കേരളത്തിലെ പരമ്പരാഗത വാദ്യനൃത്തരൂപങ്ങളും കമ്യൂണിറ്റി ഫെസ്റ്റിന്‍െറ ആകര്‍ഷണമായിരിക്കും. പ്രമുഖ നാടന്‍പാട്ട് കലാസംഘമായ ‘കരിന്തലക്കൂട്ട’ത്തിന്‍െറ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള അവതരണവും അരങ്ങേറും. 
പ്രവാസികളുടെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഘോഷയാത്ര, തെരുവുമാജിക്, സൈക്കിള്‍യജ്ഞം തുടങ്ങിയ പരിപാടികളും ഉത്സവത്തിന് കൊഴുപ്പേകും. 
വോയ്സ് ഓഫ് കേരള 1152 എ.എം സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ഗാനമേള, റോഡ്ഷോ, ഒമാനിലെ വിവിധ സ്കൂളുകളിലെയും കോളജുകളിലെയും അമ്പതോളം ടീമുകള്‍ പങ്കെടുക്കുന്ന ശാസ്ര്തപ്രദര്‍ശനം എന്നിവയും ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടികളുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. 
തുറന്നവേദിയില്‍ സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉത്സവത്തില്‍ 50,000ത്തില്‍പരം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഒരു റിയാല്‍ വിലയുള്ള പ്രവേശന പാസ് നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി കാറും ആകര്‍ഷകങ്ങളായ 15 സമ്മാനങ്ങളും നല്‍കും. വേദിയിലത്തെുന്നവര്‍ക്കെല്ലാം നിരവധിസമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഹി സ്പൈസസ് ആണ് പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍മാര്‍. ഫെസ്റ്റിന്‍െറ പ്രവേശന പാസും വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. 
മാര്‍സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.ടി വിനോദ്, ഷാഹി സ്പൈസസ് പ്രതിനിധി അഡ്വക്കറ്റ് ഗിരീഷ്, സംഘാടക സമിതി കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍, അല്‍ ശുറൂഖ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ബിബി ജേക്കബ്, മറ്റു കേരള വിഭാഗം ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.