മസ്കത്ത്: ഇറാനും ഒമാനും സംയുക്ത നാവികാഭ്യാസം നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഈമാസം 23ന് ഒമാന്‍ കടലിലാകും നാവിക അഭ്യാസ പ്രകടനങ്ങളെന്ന് ഇറാന്‍ കേന്ദ്രമായ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒമാനില്‍നിന്നുള്ള സേനാ പ്രതിനിധികളുടെ സംഘം തെഹ്റാനില്‍ സന്ദര്‍ശനം നടത്തുകയാണ്. ഇതിന്‍െറ ഭാഗമായ സംയുക്ത സേനാ സൗഹൃദ കമ്മിറ്റി യോഗത്തിലാണ് നാവികാഭ്യാസം സംബന്ധിച്ച് ധാരണയായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇറാനിയന്‍ സായുധ സേനാ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ സാലിഹ് ഇസ്ഫഹാനിയും ഒമാനി ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് ബിന്‍ റാശിദ് ബിന്‍ സഈദ് അല്‍ ബലൂഷിയുടെയും നേതൃത്വത്തിലാണ് സംയുക്ത യോഗം നടന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ തന്ത്രപ്രധാന സഹകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സൈനിക സഹകരണം ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും സംയുക്തയോഗം ചര്‍ച്ചചെയ്തു.
12 അംഗ ഒമാനി സേനാ സംഘം നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇറാനില്‍ എത്തിയത്. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന ഏക ഗള്‍ഫ് രാഷ്ട്രമാണ് ഒമാന്‍. 2013 സെപ്റ്റംബറില്‍ പ്രതിരോധരംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും ഇറാന്‍ പ്രതിരോധമന്ത്രിയും ഒപ്പിട്ടിരുന്നു.
മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതില്‍ യോജിച്ചുള്ള പോരാട്ടത്തിനൊപ്പം ഇരു രാഷ്ട്രങ്ങളിലെയും സായുധസേനകള്‍ തമ്മിലെ വിദ്യാഭ്യാസ-സാംസ്കാരിക സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.