ഇനി നാട്ടിലെ മൊബൈല്‍ ഫോണുകള്‍ ഒമാനിലിരുന്ന് റീചാര്‍ജ് ചെയ്യാം

മസ്കത്ത്: നാട്ടിലെ മൊബൈല്‍ ഫോണുകള്‍ ഒമാനിലിരുന്ന് റീ ചാര്‍ജ് ചെയ്യുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍. ഇന്‍റഗ്രേറ്റഡ് ഒമാന്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.എ.ഒ.സിയുടെ അന്താരാഷ്ട്ര കാളിങ് സേവനമായ അലോയാണ് അലോ ആപ് എന്ന പേരിലുള്ള ആപ്ളിക്കേഷന്‍ പുറത്തിറക്കിയത്. 
എയര്‍ടെല്‍, ഐഡിയ തുടങ്ങി ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് അലോ ആപ് മുഖേന ടോപ് അപ് ചെയ്യാവുന്നതാണ്. 130 രാഷ്ട്രങ്ങളിലെ 350 ടെലികോം നെറ്റ്വര്‍ക്കുകളിലേക്ക് ആപ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതുസംബന്ധിച്ച് മൊബൈല്‍ ടോപ്അപ് രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ ഡിംഗുമായി ഇന്‍റഗ്രേറ്റഡ് ഒമാന്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.എ.ഒ.സി കരാര്‍ ഒപ്പിട്ടു. ഇന്ത്യക്കുപുറമെ യു.എ.ഇ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും 0.275 ബൈസ മുതല്‍ റീചാര്‍ജ് ചെയ്യാം. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍നിന്ന് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഒരു റിയാല്‍, അഞ്ച് റിയാല്‍ മൂല്യമുള്ള അലോ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആപ് റീചാര്‍ജ് ചെയ്യേണ്ടത്. അലോ കാര്‍ഡ് ഉപയോഗിച്ച് ചെയ്തിരുന്ന കാളിങ് സൗകര്യത്തിനുപുറമെ കറന്‍സി വിനിമയനിരക്കും ആപ്പില്‍ ലഭ്യമാണ്. 
ജനങ്ങള്‍ തമ്മിലെ അകലം കുറക്കുകയാണ് ടെലികോം ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങള്‍ ചെയ്തുവരുന്നതെന്ന് ഇന്‍റഗ്രേറ്റഡ് ഒമാന്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.എ.ഒ.സി സി.ഒ.ഒയും ആക്ടിങ് സി.ഇ.ഒയുമായ ഡാരന്‍ ടോംഗ് പറഞ്ഞു. കുറഞ്ഞ ടെലിഫോണ്‍ നിരക്കിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തോട് എപ്പോഴും അടുപ്പം പുലര്‍ത്താന്‍ അലോ അവസരമൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 97501551എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.