മലയാളം വിഭാഗം ഓണാഘോഷം സെപ്റ്റംബര്‍ 17,18,19 തീയതികളില്‍

മസ്കത്ത്: മസ്കത്ത് സോഷ്യല്‍ ക്ളബിന്‍െറ കീഴിലുള്ള മലയാളം വിഭാഗത്തിന്‍െറ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 17,18,19 തീയതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. അല്‍ ഫലജ് ഹോട്ടലില്‍ ഗ്രാന്‍റ് ഹാളില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേ ഉദ്ഘാടനം ചെയ്യും. നടന്‍ ദേവന്‍ വിശിഷ്ടാതിഥിയായിരിക്കും. ദേവനെ ചടങ്ങില്‍ ആദരിക്കും. മലയാളവിഭാഗം നല്‍കുന്ന സാംസ്കാരിക അവാര്‍ഡും ദേവന് സമ്മാനിക്കും. സെപ്റ്റംബര്‍ 18ന് നടക്കുന്ന ചടങ്ങിലാണ് 28 വര്‍ഷമായി ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ദേവന് അവാര്‍ഡ് സമ്മാനിക്കുക. ഉദ്ഘാടന ദിവസമായ സെപ്റ്റംബര്‍ 17ന് പ്രശസ്ത നര്‍ത്തകിയും ഗവേഷകയുമായ ഡോ. മേതില്‍ ദേവികയുടെ മോഹിനിയാട്ടം നടക്കും. മേതില്‍ ദേവിക ആദ്യമായാണ് മസ്കത്തില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. മലയാളം വിങ് നടത്തിയ യൂത്ത് ഫെസ്റ്റിവെലില്‍ വിവിധ ഇനങ്ങളില്‍ ജേതാക്കളായവര്‍ക്ക് സെപ്റ്റംബര്‍ 18ന് നടക്കുന്ന ചടങ്ങില്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. നൃത്തം, സംഗീതം, കല, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ 1500 ലധികം പേരാണ് പങ്കെടുത്തത്. മൂന്നു ദിവസം നീളുന്ന ഓണാഘോഷം സെപ്റ്റംബര്‍ 19ന് നടക്കുന്ന ഓണ സദ്യയോടെയാണ് സമാപിക്കുക. 3500 പേര്‍ക്കാണ് പരമ്പരാഗതരീതിയില്‍ ഓണസദ്യ വിളമ്പുക. പരമ്പരാഗത തിരുവിതാംകൂര്‍ രീതിയിലുള്ള ഓണസദ്യ കേരളത്തിലെ പ്രമുഖ പാചകക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് തയാറാക്കുന്നത്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.