ഒമാനിലെ പുതിയ അംബാസഡര്‍ ഇന്ന് ചുമതലയേല്‍ക്കും

മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഇന്ദ്രമണി പാണ്ഡേ തിങ്കളാഴ്ച ചുമതലയേല്‍ക്കും. സ്ഥലം മാറിപ്പോയ ജെ.എസ്. മുകുളിന് പകരമാണ് ഇന്ദ്രമണി പാണ്ഡേ ചുമതലയേല്‍ക്കുന്നത്. ഞായറാഴ്ച രാത്രി പുതിയ അംബാസഡര്‍ മസ്കത്തിലത്തെിയിട്ടുണ്ട്. ഒമാനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങളില്‍ അനുയോജ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഒമാനിലേക്ക് പുറപ്പെടുംമുമ്പ് ഇന്ദ്രമണി പാണ്ഡേ വ്യക്തമാക്കിയിട്ടുണ്ട്. 
ഒമാനില്‍ പാണ്ഡേയുടെ ‘പ്രചാരണ സംസ്ഥാന’ങ്ങള്‍ എന്ന പദവി കേരളത്തിനും ജമ്മു-കശ്മീരിനും ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 2014 അവസാനം വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഭാഗമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കഴിവുകളും ശേഷിയും പ്രചരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എംബസികളും കോണ്‍സുലേറ്റുകളും വഴിയാണ് വിവിധ സംസ്ഥാനങ്ങളെ ലോകത്തിനുമുന്നില്‍ കൂടുതല്‍ പരിചയപ്പെടുത്തുക. 
ഇതിന്‍െറ ഭാഗമായി ഓരോ അംബാസഡറും രണ്ട് സംസ്ഥാനങ്ങളെ പ്രചാരണ സംസ്ഥാനങ്ങള്‍ ആയി തെരഞ്ഞെടുക്കണം. ഒമാനിലെ പുതിയ അംബാസഡര്‍ ജമ്മു-കശ്മീരിനെയും കേരളത്തെയുമാണ് പ്രചാരണ സംസ്ഥാനങ്ങളായി തെരഞ്ഞെടുക്കുകയെന്നാണ് സൂചന. ഒമാനിലേക്ക് പുറപ്പെടുംമുമ്പ് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പാണ്ഡേ ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്തും ശ്രീനഗറിലും എത്തിയാണ് മുഖ്യമന്ത്രിമാരെ കണ്ടത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയ പാണ്ഡേ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് ശ്രീനഗറില്‍ എത്തി ജമ്മു-കശ്മര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദുമായി കൂടിക്കാഴ്ച നടത്തിയത്. 
കശ്മീരിലേക്ക് കൂടുതല്‍ ഒമാനി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും കശ്മീരിന്‍െറ കരകൗശല ഉല്‍പന്നങ്ങള്‍ സുല്‍ത്താനേറ്റിലേക്ക് കയറ്റുമതി ചെയ്യുന്നതും അടക്കം വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. കശ്മീര്‍ ചീഫ് സെക്രട്ടറിയുമായും ചര്‍ച്ചനടത്തിയിരുന്നു. നിക്ഷേപവും തൊഴിലവസരങ്ങളും വികസനവും അടക്കം പല വിഷയങ്ങളിലും  ‘പ്രചാരണ സംസ്ഥാനങ്ങള്‍’ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. ഈ സംസ്ഥാനങ്ങളുമായി നയതന്ത്ര പ്രതിനിധികള്‍ കൂടുതല്‍ പരിചയപ്പെടുകയും മറ്റും ചെയ്യുന്നതിന്‍െറ ഭാഗമായി സന്ദര്‍ശനങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളെ തയാറാക്കുകയെന്ന ലക്ഷ്യവും വിദേശകാര്യ മന്ത്രാലയത്തിനുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.