ദൈവത്തിന്റെ സ്വന്തം നാട് എന്നവകാശപ്പെടുന്ന സംസ്ഥാനമായ കേരളം വിദ്യാസമ്പന്നത കൊണ്ടും സാംസ്കാരിക പാരമ്പര്യം കൊണ്ടും വളരെ ഉയർന്ന നിലയിലാണ് എന്ന സ്വകാര്യ അഹങ്കാരം വെച്ചുപുലർത്തുന്നവരാണ് നാം. എന്നാൽ അടുത്തിടെ നമ്മുടെ നാട്ടിൽ നിന്നും ഉയർന്നുകേൾക്കുന്ന സംസാരങ്ങൾ അത്ര ആശാവഹമല്ലെന്ന് നാം തിരിച്ചറിയുന്നു.
കേരളത്തെ ലഹരി പിടിമുറുക്കുന്നതായി വാർത്തകളിലൂടെ അറിയാൻ കഴിയുന്നു. എന്താകും ഇതിന് കാരണം? നമുക്കെന്തു പറ്റി എന്ന് നമുക്കുതന്നെ അറിയാത്ത രീതിയിലാണ് ഇന്നത്തെ സമൂഹം കടന്നു പോകുന്നത്. പലർക്കും പുതിയ കാലഘട്ടത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും തിരിച്ചറിയാതെ പോകുന്നു എന്നതാണ് വസ്തുത. ഇത് മുതലെടുത്ത് യുവാക്കളെ ലഹരി മാഫിയ വലയിലാക്കുന്നു. കഠിനാധ്വാനം ചെയ്യാതെ പെട്ടെന്ന് സമ്പന്നൻ ആവുക എന്ന ചിന്താഗതിയുമായി മുന്നേറുകയാണ് ഒരുവിഭാഗം യുവാക്കൾ. ഇതും ലഹരിമാഫിയ സംഘം ഉപയോഗപ്പെടുത്തുകയാണ്. ലഹരി ഉപയോഗം ഇപ്പോൾ സ്കൂൾ തലത്തിലേക്കും വ്യാപിച്ചതായും എസ്.എസ്.എൽസി, പ്ലസ് ടു, വിദ്യാർഥികൾ വരെ പെൺകുട്ടികളടക്കം ഇതിൽ ഉൾപ്പെടുന്നതായും അറിയുന്നു.
കേരളത്തെ വലിഞ്ഞു മുറുക്കിയ ഈ മാഫിയ സംഘത്തെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും മാത്രം വിചാരിച്ചാൽ കഴിയില്ല. അവിടെയാണ് കേരളത്തിലെ പൊതു സമൂഹവും രക്ഷാകർത്താക്കളും പ്രത്യേകിച്ച് യുവജനപ്രസ്ഥാനങ്ങളും അവരുടെ കടമ നിർവഹിക്കേണ്ടത്.
കേരളത്തിലെ പഞ്ചായത്തുകളും മുൻസിപ്പൽ കോർപറേഷൻ മേഖലയിലും യുവജന പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ലഹരിക്കെതിരെ രംഗത്തിറങ്ങണം. ലഹരിയെ നേരിടാൻ കർശനമായ പുതിയ നിയമം ഉണ്ടാവണം. മാതാപിതാക്കൾ മക്കളിൽ ഉത്തരവാദിത്തം ഉണ്ടെന്നുള്ള ബോധത്തോടെ ചേർത്തു പിടിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കണം. നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളിലും ബീച്ചുകളിലും ആളില്ലാ പ്രദേശങ്ങളിലും യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾ നിരന്തരം കാവൽക്കാരാവുകയും ലഹരിക്കെതിരെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പരിഹാര മാർഗം. കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടതും രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തേണ്ടതുമായ വിഷയമാണിത്.
(നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ആവശ്യങ്ങളും ചിത്രങ്ങളും INBOX ലേക്കയയ്ക്കുക. mail: kuwait@gulfmadhyamam.net)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.