കുവൈത്ത് സിറ്റി: സ്വദേശി റെസിഡൻഷ്യൽ മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടികൾ കർശനമാക്കി അധികൃതർ.അനധികൃതമായി ബാച്ചിലർമാർക്ക് വാടകക്ക് നൽകിയ 21 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചതായി ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. വിഷയത്തിൽ നിരവധിപേർക്ക് മുന്നറിയിപ്പുകൾ നൽകിയതായും അടിയന്തര സംഘത്തിന്റെ തലവൻ മുഹമ്മദ് അൽ ജലാവി വ്യക്തമാക്കി.
ഖൈത്താനിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചത്. നിയമലംഘനം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും ലംഘനം തുടർന്നാൽ കനത്ത നടപടി സ്വീകരിക്കും. ബാച്ചിലർമാർ കെട്ടിടം ഒഴിഞ്ഞതായി പരിശോധനയിൽ സ്ഥിരീകരിച്ച ശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കൂ എന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
റെസിഡൻഷ്യൽ മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 12 ഇൻസ്പെക്ടർമാർ ഉൾപ്പെട്ട ആറ് മൊബൈൽ ഫീൽഡ് ടീമുകളെ മുനിസിപ്പാലിറ്റി വിന്യസിച്ചിട്ടുണ്ട്.
ജലീബ് അൽ ഷുയൂഖിൽ അപകടത്തിലായ കെട്ടിടങ്ങൾ പൊളിക്കൽ ആരംഭിച്ചതിന് പിറകെയാണ് ഫർവാനിയയിൽ പരിശോധനകൾ കടുപ്പിച്ചത്.
ഫർവാനിയ ഗവർണറേറ്റിൽ സ്വദേശി റെസിഡൻഷ്യൽ മേഖലകളിൽ നിരവധി പ്രവാസി ബാച്ചിലർമാർ താമസിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്വദേശി റെസിഡൻഷ്യൽ മേഖലകളിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്നതിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.