കരാറിൽ ഒപ്പുവെച്ചശേഷം ആരോഗ്യ മന്ത്രാലയം സകാത് ഹൗസ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: ലഹരിക്ക് അടിമപ്പെട്ടവർക്ക് പുനരധിവാസ കേന്ദ്രം സജ്ജീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും സകാത് ഹൗസും സഹകരണ കരാറിൽ ഒപ്പുവച്ചു. പുനരധിവാസ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തൽ, മാനുഷികവും സാമൂഹികവും സുരക്ഷാപരവുമായ കമ്യൂണിറ്റി പങ്കാളിത്തം സൃഷ്ടിക്കൽ എന്നിവയുടെ ഭാഗമായാണ് കരാർ. പുനരധിവാസ കേന്ദ്രം നവീകരണം, പരിപാലനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ മുതൈരി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക ഐക്യദാർഢ്യത്തിന്റെയും ദേശീയ ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് കരാർ. ലഹരി ആസക്തിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും വ്യക്തികളിലും സമൂഹത്തിലും അവയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഈ കരാർ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.