കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്കും നിരത്തിലെ പ്രശ്നങ്ങളും കുറക്കുന്നതിന്റെ ഭാഗമായുള്ള 'യെല്ലോ ബോക്സ്' ദേശീയ കാമ്പയിൻ പുരോഗമിക്കുന്നു. ട്രാഫിക് ജങ്ഷനുകളിൽ യെല്ലോ ബോക്സിൽ വാഹനം നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന കാമ്പയിൻ ലോക്കൽ ഫ്ലേവർ മാർക്കറ്റിങ് ഏജൻസിയാണ് ആരംഭിച്ചത്. യെല്ലോ ബോക്സ് നിയമം ലംഘിക്കുന്നവരെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
ഗതാഗതതടസ്സവും വാഹനാപകടങ്ങളും ഒഴിവാക്കാൻ, സിഗ്നൽ പച്ചയാണെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഡ്രൈവർമാർ ഇത്തരം ഭാഗങ്ങളിൽ പ്രവേശിക്കരുതെന്ന് ലോക്കൽ ഫ്ലേവർ മാർക്കറ്റിങ് മേധാവി അഹമ്മദ് സുൽത്താൻ പറഞ്ഞു. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ യെല്ലോ ബോക്സിലേക്ക് പ്രവേശിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറക്കുകയാണ് യെല്ലോ ബോക്സ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്നും ഡ്രൈവിങ്ങിലും റോഡ് പെരുമാറ്റങ്ങളിലും മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുമെന്ന് ലോക്കൽ ഫ്ലേവറിന്റെ മാനേജിങ് പാർട്ണർ ഖാലിദ് അൽ സയർ പറഞ്ഞു.
ഗതാഗതക്കുരുക്ക് കുറക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിലെ മെയിന്റനൻസ് എൻജിനീയറിങ് മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അസ്സബാഹ് വ്യക്തമാക്കി. യെല്ലോ ബോക്സ് കാമ്പയിന് എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം അറിയിച്ചു.
കറുപ്പ് നിറത്തിൽ, മഞ്ഞ നിറത്തിൽ കളങ്ങൾ തീർത്തവയാണ് യെല്ലോ ബോക്സ്. ജങ്ഷനിലും റൗണ്ട് എബൗട്ടുകളിലുമാണ് ഇത് സഥാപിക്കുന്നത്. ഗതാഗതക്കുരുക്കിന്റെ സാഹചര്യത്തിൽ മഞ്ഞ ബോക്സിൽ പ്രവേശിച്ചാൽ ഒരു മാസത്തിൽ കൂടാത്ത തടവും 75 ദിനാർ പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഏതെങ്കിലും ഒന്നോ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.