നിരന്തര ആക്രമണങ്ങൾ; പ്രതിരോധം ശക്തം

കുവൈത്ത് സിറ്റി: രണ്ടു ദിവസമായി കുവൈത്തിനെ ലക്ഷ്യമിട്ട് നടന്നത് നിരവധി ആക്രമണങ്ങൾ. കുവൈത്ത് വ്യോമാതിർത്തിയിൽ എത്തിയ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ കൃത്യതയോടെ പ്രതിരോധിച്ചതായി സായുധ സേന അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂയിസ് മിസൈലുകൾ, 46 ഡ്രോണുകൾ എന്നിവ ആക്രമിച്ചതായി സൈനിക വക്താവ് സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.

രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ജനവാസ മേഖലയിൽ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണതായും ഇത് പരിക്കുകൾക്ക് കാരണമായതായും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സ്ഫോടകവസ്തു നിർവീര്യമാക്കൽ പരിശോധനാ സംഘം 22 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. മൂന്ന് സംഭവങ്ങളിൽ സൈനിക അഗ്നിശമന സേനകൾ പ്രതികരിച്ചു. ദേശീയ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കുകയും നിശ്ചയദാർഢ്യത്തോടും അച്ചടക്കത്തോടും കൂടി തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണ കഷണങ്ങൾ വീണ സ്ഥലങ്ങളിൽ ഒത്തുകൂടരുത്; രാത്രിയിൽ ജനം തടിച്ചുകൂടുന്നത് അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്

കുവൈത്ത് സിറ്റി: ആക്രമണ കഷ്ണങ്ങൾ വീണ സ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത്തരം പെരുമാറ്റം സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുകയും അടിയന്തര പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

ദുരിതബാധിത പ്രദേശങ്ങളിൽ രാത്രിയിൽ ജനക്കൂട്ടം തടിച്ചുകൂടുന്നത് അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി. പൊതുജനങ്ങൾ കഷ്ണങ്ങൾ, അവശിഷ്ടങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കൾ എന്നിവയെ സമീപിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് നാസർ ബൗസ്ലീബ് മുന്നറിയിപ്പ് നൽകി.

സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സംഭവ സ്ഥലങ്ങളിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Continuous attacks; strong defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.