കുവൈത്ത് സിറ്റി: ആക്രമണം നടന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തതായി കണ്ടെത്തിയ 29 പേർക്കെതിരെ നടപടി സ്വീകരിച്ചു ആഭ്യന്തര മന്ത്രാലയം. ഇതിൽ ആറു പേർ കുവൈത്തികളും 23 പ്രവാസികളുമാണ്. രാജ്യത്തുടനീളം സുരക്ഷാ, നിരീക്ഷണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിലവിലെ സുരക്ഷാ സാഹചര്യങ്ങളിൽ, സെൻസിറ്റീവ് അല്ലെങ്കിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ആവർത്തിച്ചു. അതിനിടെ, വെള്ളിയാഴ്ച നടന്ന പ്രത്യേക എൻഫോഴ്‌സ്‌മെന്റ് പരിശോധനയിൽ ട്രാഫിക് ഉദ്യോഗസ്ഥർ 2,327 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
റെസിഡൻസി നിയമലംഘനങ്ങൾക്ക് 22 പ്രവാസികളെ അറസ്റ്റ് ചെയ്തു. അസാധാരണമായ അവസ്ഥയിലായിരുന്നതിനും സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിനും നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 79 നിയമലംഘനങ്ങളും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 44 നിയമലംഘനങ്ങളും, അനധികൃതമായി ജനൽച്ചില്ലുകൾ മറച്ചതിന് 43 നിയമലംഘനങ്ങളും ഗതാഗത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. എല്ലാ നിയമലംഘകരെയും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം നടപ്പിലാക്കുന്നതിലും പൊതു സുരക്ഷ നിലനിർത്തുന്നതിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.