കുവൈത്ത്- ഇന്ത്യ മത്സരത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിന് ആശ്വാസ സമനില. വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ചതോടെ കുവൈത്തിന് പ്രതീക്ഷകൾ വർധിച്ചു. അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ മറികടന്നാൽ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടിലേക്കും ഏഷ്യൻ കപ്പിലും കുവൈത്തിന് പ്രവേശനം ലഭിക്കും.വ്യാഴാഴ്ച കൊൽക്കത്തയിലെ സ്വന്തം മണ്ണിൽ ഇന്ത്യയെ മുഴുവൻ സമയവും പിടിച്ചുകെട്ടിയ കുവൈത്ത് മികവാർന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഉടനീളം കുവൈത്ത് മേധാവിത്വം പുലർത്തുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ കുവൈത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതിനുള്ള കുവൈത്തിന്റെ മധുരപ്രതികാരം കൂടിയായി കൊൽക്കത്തയിലെ സമനില.
ഇന്ത്യയെ കൂടാതെ ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് കുവൈത്തിനൊപ്പം ഗ്രൂപ് ‘എ’യിൽ ഉള്ളത്. നാല് കളികൾ വിജയിച്ച ഖത്തർ രണ്ടാം റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചു കളികളിൽ ഒരു ജയവും രണ്ടു സമനിലയും രണ്ടു തോൽവിയും ഇന്ത്യ നേരിട്ടു. കുവൈത്തിന് ഇത്രയും മത്സരങ്ങളിൽ മൂന്നു തോൽവിയും ഒരു ജയവും ഒരു സമനിലയും ആണുള്ളത്. ഖത്തറുമായി രണ്ടു കളികളിലും തോറ്റ കുവൈത്തിന് ഇനി അഫ്ഗാനിസ്താനുമായി ഒരു മത്സരമാണ് ബാക്കിയുള്ളത്. ഈ മാസം 11ന് കുവൈത്തിൽ മത്സരം നടക്കും. ആദ്യ മത്സരത്തിൽ നാലു ഗോളുകൾക്ക് അഫ്ഗാനെ മുക്കിയ ആത്മവിശ്വാസത്തിൽ അടുത്ത മത്സരം വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. ഗ്രൂപ്പിൽ വെല്ലുവിളിയായ ഇന്ത്യയുടെ അടുത്ത എതിരാളി ഖത്തർ ആണെന്നതും കുവൈത്തിന് പ്രതീക്ഷ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.