കുവൈത്തിലെ വിയറ്റ്നാം എംബസിയിൽ ഫസ്റ്റ് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിയറ്റ്നാം തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിന് രാജ്യവുമായി തൊഴിൽ കരാർ ഒപ്പിടാനുള്ള ആഗ്രഹം പങ്കുവെച്ച് കുവൈത്തിലെ വിയറ്റ്നാം അംബാസഡർ എൻഗോ തുവാൻ താങ്. ഫസ്റ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമായ എൻഗുയെൻ തൻ ഡക്കിന് യാത്രയയപ്പ് നൽകുന്നതിനായി വിയറ്റ്നാം എംബസിയിൽ ചേർന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുവൈത്തിൽ ജോലി ചെയ്യുന്ന വിയറ്റ്നാം പൗരന്മാർ നിർമാണപ്രവർത്തനങ്ങളിലും ഓയിൽ ഫീൽഡ് ജോലികളിലും തൊഴിലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആരംഭിച്ചതിന്റെ 46ാം വാർഷികത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾ കുവൈത്തിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുകയും കുവൈത്ത് ഞങ്ങളിൽനിന്ന് വസ്ത്രങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നുവെന്നും ഇരുരാജ്യങ്ങളുടെയും വാണിജ്യബന്ധങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വ്യാപനത്തിൽ തങ്ങൾ ശുഭാപ്തിവിശ്വാസികളാണെന്നും കൂടുതൽ വിയറ്റ്നാം ഉൽപന്നങ്ങൾ ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയറ്റ്നാം സന്ദർശിക്കുന്ന കുവൈത്തികളുടെ എണ്ണത്തെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. വിവിധ വാണിജ്യ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന 15 വ്യവസായികളടങ്ങുന്ന പ്രതിനിധി സംഘം അടുത്ത സെപ്റ്റംബറിൽ തങ്ങളുടെ രാജ്യത്തുനിന്നും കുവൈത്ത് സന്ദർശിക്കുമെന്നും എൻഗോ തുവാൻ താങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.