കുവൈത്ത് സിറ്റി: കുവൈത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വനാമി ചെമ്മീൻ കൃഷി വിജയകരമെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രം. കബ്ദ് മരുഭൂമിയിലെ കിസ്‌ർ എക്സിപെരിമെന്റൽ ഫാമിലാണ് ചെമ്മീൻ കൃഷി വിജയകരമായി പരീക്ഷിച്ചത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ സമുദ്രജീവി ഗവേഷക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കബ്ദിൽ പരീക്ഷണാടിസ്ഥാനത്തിൽ വനാമി ചെമ്മീൻ വളർത്തിയത്. തായ്‌ലൻഡിൽ നിന്നെത്തിച്ച വനാമി ചെമ്മീൻ ലാർവകളെ ലവണാംശം കുറഞ്ഞ വെള്ളത്തിലാണ് വളർത്തിയത്. പരീക്ഷണം വിജയകരമായിരുന്നു എന്നും പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനത്തിലുള്ള നിലവാരത്തിലെത്തിയതായും കിസ്ർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മനേയ് അൽ-സിദെരാവി പറഞ്ഞു. പരീക്ഷണഘട്ടത്തിൽ ചതുരശ്ര മീറ്ററിന് രണ്ട് കിലോ വരെ ഉൽപാദനക്ഷമത കൈവരിക്കാൻ സാധിച്ചു. വേഗത്തിൽ വളരുന്നതും രോഗങ്ങളോടുള്ള ഉയർന്ന പ്രതിരോധവും കാരണം ആഗോള ചെമ്മീൻ വിപണിയിൽ ഉയർന്ന മാർക്കറ്റുള്ള ഇനമാണ് വനാമി ചെമ്മീൻ. കുവൈത്തിന്റെ സമഗ്ര വികസനപദ്ധതിയായ വിഷൻ 2035 ന്റെ ഭാഗമായാണ് സയന്റിഫിക് റിസർച് സെന്റർ കബ്ദിൽ ചെമ്മീൻ ഫാം പദ്ധതി ആരംഭിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനുള്ള മാർഗമായി മത്സ്യ കൃഷിയിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള മന്ത്രിസഭ നിർദേശത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.