കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച അസ്ഥിര കാലാവസഥയാകുമെന്ന സൂചനയെ തുടർന്ന് മുന്നൊരുക്ക നടപടികളുമായി കുവൈത്ത് എയർവേസ്. കാലാവസഥ പ്രതികൂലമായാൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച വൈകുന്നേരം വരെയുമുള്ള ചില വിമാന സർവിസുകൾ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
ജി.സി.സി മേഖലയിൽ അസ്ഥിരമായ കാലാവസ്ഥക്കുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ നടപടിയെന്ന് എയർലൈൻസ് അറിയിച്ചു. യാത്രക്കാരെ അപ്ഡേറ്റുകൾ അതത് സമയത്ത് അറിയിക്കും.
അതേസമയം, രാജ്യത്ത് വ്യാഴം,വെള്ളി ദിവസങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നാണ് സൂചന. മഴക്കൊപ്പം ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ.വ്യാഴാഴ്ച രാത്രിയിലും അസ്ഥിരത കാലാവസ്ഥ തുടരും. മഴക്കൊപ്പം ഇടിമിന്നലുമുണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് സജീവമാകും.
കസ്റ്റമർ സർവിസുമായി ബന്ധപ്പെടാം
കുവൈത്ത് എയർവേസ് സർവിസുമായി ബന്ധപ്പെട്ട് കുവൈത്തിലെ യാത്രക്കാർക്ക് 171 എന്ന നമ്പറിലോ വിദേശത്ത്നിന്ന് +96524345555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ കസ്റ്റമർ സർവിസുമായി ബന്ധപ്പെടാം. +96522200171 എന്ന നമ്പറിൽ വാട്ട്സ്ആപ് വഴിയും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.