കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 48,104 ഗതാഗത നിയമലംഘനം രേഖപ്പെടുത്തി. ജനുവരി 11നും 17നും ഇടയിലെ കണക്കാണ് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുറത്തുവിട്ടത്. ഇക്കാലയളവിൽ ഗുരുതര നിയമലംഘനം നടത്തിയ 50 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും 204 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. 77 ബൈക്കുകളും പിടിച്ചെടുത്ത് മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ 1,150 വാഹനാപകടങ്ങൾ ഉൾപ്പെടെ ആകെ 2,007 റിപ്പോർട്ടുകളാണ് മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിൽ ലഭിച്ചത്. ഇതിൽ ചെറിയ കൂട്ടിയിടികൾ മുതൽ പരിക്കുകൾ ഉൾപ്പെടുന്ന ഗുരുതരമായ അപകടങ്ങൾ വരെ നീളുന്നു. എല്ലാ കേസുകളും തുടർ അന്വേഷണത്തിനും നടപടിക്കുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് റഫർ ചെയ്തു. മയക്കുമരുന്നുമായി ഒരാളെ പിടികൂടി. തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത നാല് പേരെ അറസ്റ്റ് ചെയ്തു. വിസ കാലഹരണപ്പെട്ടതും വാറന്റുള്ളതുമായി 51 പേരെ പിടികൂടി. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗത നിയമലംഘനങ്ങൾ തടയാനും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.