ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റാഡ്മില സെകെറിൻസ്കക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനും (നാറ്റോ) തമ്മിലുള്ള രാഷ്ട്രീയ, സുരക്ഷാ സംഭാഷണത്തിന്റെ ആദ്യ റൗണ്ട് ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് നടന്നു. കുവൈത്തിനെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നയിച്ചു. നാറ്റോയെ പ്രതിനിധീകരിച്ച് നാറ്റോ സെക്രട്ടറി ജനറലിന്റെ ദക്ഷിണ രാജ്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ജാവിയർ കൊളോമിന പങ്കെടുത്തു.
രാഷ്ട്രീയ, സൈനിക, സുരക്ഷാ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഉൾപ്പെടെ കുവൈത്തും നാറ്റോയും തമ്മിലുള്ള അടുത്ത ബന്ധവും അജണ്ടയിലെ മറ്റു വിഷയങ്ങളും ചർച്ചയിൽ അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റാഡ്മില സെകെറിൻസ്കയുമായി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. കുവൈത്ത്-നാറ്റോ സഹകരണവും പ്രധാന പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു.
കുവൈത്ത് നാറ്റോയുടെ ദീർഘകാല പങ്കാളിയാണെന്ന് റാഡ്മില സെകെറിൻസ്ക പറഞ്ഞു. നാറ്റോയും കുവൈത്തും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തതായും പ്രധാന ആഗോള സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറിയതായും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.