കാലാവസ്ഥയിൽ മാറ്റം: ഇന്നും നാളെയും ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടും
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസഥ മാറ്റത്തിന്റെ സൂചനകൾ. ഇന്നും നാളെയും ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടും. തീരപ്രദേശങ്ങൾ ഉൾപ്പെടെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ എട്ടു മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ മിതമായ തെക്കുകിഴക്കൻ കാറ്റ് സജീവമാകും.
വ്യാഴാഴ്ച വരെ താഴ്ന്നതും ഇടത്തരം ഉയരത്തിലുള്ളതുമായ മേഘങ്ങൾ വർധിക്കാനും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. താപനില പരമാവധി 43-46 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 29-32 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് രാജ്യത്ത് ഉയർന്ന ആർദ്രത അനുഭവപ്പെട്ടിരുന്നു.
രാജ്യത്ത് കാലാവസഥ മാറ്റത്തിന്റെ സൂചനകളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച മുതൽ രാജ്യത്ത് ശരത്കാലത്തിന്റെ പ്രവേശനഘട്ടമായ'അൽ ജബ’ സീസണ് തുടക്കമായി. രാത്രിയിൽ തണുപ്പും പകൽ മിതമായ താപനിലയും ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കും.
13 ദിവസം നീണ്ടു നിൽക്കുന്ന ഈ ഘട്ടത്തിന് ശേഷം ‘അൽ സുഫ്രി' കാലയളവിലേക്ക് പ്രവേശിക്കും. 26 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഘട്ടം താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. രാത്രിയിലും പുലർച്ചെയും ഉയർന്ന ആർദ്രതയും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ശൈത്യകാലത്തിന്റെ തുടക്ക ഘട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.