ഹൂതി ആക്രമണം സുരക്ഷക്കും സ്ഥിരതക്കും ഭീഷണി: സൗദിക്ക് പൂർണ പിന്തുണ; കുവൈത്ത്

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയും, അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

ആക്രമണം ന്യായീകരിക്കാൻ കഴിയാത്തതും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നതുമാണെന്നും വ്യക്തമാക്കി. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെയും കുവൈത്ത് അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ സമുദ്രഗതാഗതം, ആഗോള ഊർജ്ജ വിതരണം, അന്താരാഷ്ട്ര വ്യാപാരം എന്നിവക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും സൂചിപ്പിച്ചു.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ആവർത്തിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും വ്യക്തമാക്കി.

സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളായ അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാവിലെ ഹൂതി ആക്രമണം ഉണ്ടായത്. സംഭവത്തിൽ സ്ത്രീകൾക്കും കുട്ടികളുമടക്കം 73 സാധാരണക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

Tags:    
News Summary - Kuwait stated that Houthi attacks are a threat to security and stability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.