ഇസ്‌ലാമിക പ്രമാണങ്ങൾ സ്ത്രീയോട് അനീതി കാണിക്കുന്നില്ല: ഐവ കുവൈത്ത്
കുവൈത്ത് സിറ്റി: ഇസ്ലാമിക പ്രമാണങ്ങളായ ഖുർആനും മുഹമ്മദ് നബിയുടെ ചര്യയും സ്ത്രീകളോട് ഒരു അനീതിയും കാണിക്കുന്നില്ലെന്ന് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ). സ്ത്രീകൾക്ക് ജനിക്കാനും ജീവിക്കാനും അവകാശമില്ലാതിരുന്ന ഒരു കാലത്താണ് സ്ത്രീകളെ പ്രത്യേകം പരിഗണിക്കുകയും, മാന്യമായി ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഖുർആൻ പ്രഖ്യാപിക്കുന്നത്.
സ്ത്രീകൾ പുറത്തിറങ്ങരുതെന്നോ സാമൂഹ്യ പ്രവർത്തനം നടത്താൻ പാടില്ല എന്നോ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നോ ഇസ്ലാം വിലക്കുന്നില്ല. മുസ്‌ലിം സ്ത്രീകൾ പൊതു രംഗത്തേക്ക് ഇറങ്ങരുത്, അവർ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് വേണ്ടത് എന്ന മട്ടിലുള്ള ചില മുസ്‌ലിം പണ്ഡിതൻമാരുടെ അഭിപ്രായ പ്രകടനങ്ങൾ ഇസ്‌ലാമോ ഫോബിയക്ക് വളമാവുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെയും മുസ്ലിംകളെയും കടന്നാക്രമിക്കാനും അപഹസിക്കാനുമാണ് പലരും ശ്രമിക്കുന്നത്.
പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്ര ധാരണവും അച്ചടക്ക പൂർണമായ പെരുമാറ്റവും പുരുഷനും സ്ത്രീക്കും വേണ്ടതാണ്. അത് പുരോഗതിക്കെതിരല്ലെന്നും ഐവ കൂട്ടിച്ചേർത്തു. ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ അവളുടെ മതപരമായ വ്യക്തിത്വത്തിൽ നിന്ന് വേർതിരിച്ച് കാണാനാകില്ല. അതേസമയം, മതത്തിന്റെ പേരിലോ മതവിരുദ്ധതയുടെ പേരിലോ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ടെന്നും ഐവ കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.