ഗാന്ധിസ്മൃതി കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

സേവന രംഗത്ത് മൂന്നാണ്ട്; ഗാന്ധിസ്മൃതി കുവൈത്ത് വാർഷികം വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: ജനസേവന രംഗത്ത് മൂന്നു വർഷം പിന്നിട്ട ഗാന്ധിസ്മൃതി കുവൈത്തിന്റെ മൂന്നാം വാർഷികം വെള്ളിയാഴ്ച. ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ വൈകീട്ട് നാലു മുതൽ 10 വരെയാണ് ആഘോഷമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യാതിഥിയായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും. കലാ പരിപാടികൾ, ഭവന നിർമാണ പദ്ധതി ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും. കോവിഡ് കാലത്ത് കുവൈത്തിലെ ഒരുപറ്റം സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ഗാന്ധിസ്മൃതിക്ക് തുടക്കം. ജാതി, മത, രാഷ്‌ടീയത്തിനതീതമായി ഗാന്ധിയൻ ആദർശങ്ങളെ ഉൾക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയാണ് ലക്ഷ്യം.

ലോക്ഡൗൺ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും യാത്രസൗകര്യങ്ങളും ഒരുക്കി. കേരളത്തിലെ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈലും ടി.വിയും എത്തിച്ചു. 2020 നവംബറിൽ ഗാന്ധിസ്മൃതി കുവൈത്ത് എന്നപേരിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.

കേരളത്തിലെ സ്നേഹഭവനുകൾ, അഗതിമന്ദിരങ്ങൾ എന്നിവക്ക് സഹായമായി ‘സ്നേഹവിരുന്ന്’ എന്നപരിപാടിക്ക് 2021ൽ തുടക്കമിട്ടു. ഇതിനകം 85 സ്നേഹവിരുന്നുകൾ നൽകി. മരുഭൂമിയിൽ കഴിയുന്ന തൊഴിലാളികൾക്ക് കമ്പിളിപ്പുതപ്പും ഭക്ഷണവും മരുന്നും എത്തിച്ചു നൽകുന്ന ‘സ്നേഹയാത്ര’ പദ്ധതി 2021ൽ തുടങ്ങി. കാൻസർ, വൃക്ക രോഗം ബാധിച്ചവർ എന്നിവർക്കായി ‘സ്നേഹാമൃതം’ പദ്ധതിക്കും 2023ൽ തുടക്കമിട്ടു.

ഇതിനകം ഏഴു കുടുംബങ്ങൾക്ക് സഹായം നൽകി. അൽഷൈമേഴ്‌സ് ബാധിച്ച കുടുംബത്തെയും ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളുള്ള മറ്റൊരു കുടുംബത്തെയും ഭക്ഷണത്തിനും മരുന്നിനും സഹായം നൽകി. കുവൈത്തിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും സൗജന്യ രക്തപരിശോധനയും നടത്തിവരുന്നു.

ഗാന്ധി അനുസ്മരണം, ഖദർവസ്ത്ര വിതരണം, പ്രസംഗ മത്സരം, പ്രസംഗ പരമ്പര, വിദ്യാർഥികൾക്ക് പ്രോത്സാഹന പദ്ധതി, അന്നദാനം, സമൂഹ നോമ്പുതുറ തുടങ്ങി സഹായവും സൗഹാർദവും വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടന ഇതിനകം നടത്തിയിട്ടുണ്ട്.

വാർത്ത സമ്മേളനത്തിൽ ഗാന്ധിസ്മൃതി പ്രസിഡന്‍റ് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ ടോം ജോർജ്, ജോയൻറ് ട്രഷറർ പോളി അഗസ്റ്റിൻ, വനിതവേദി ചെയർപേഴ്സൻ ഷീബ പെയ്‌ടൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Three years in service-Gandhi Smruthi Kuwait Anniversary on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.