കുവൈത്ത് സിറ്റി: കടൽ വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ നാല് പേർ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (ഐ.ആർ.ജി.സി) ഉൾപ്പെട്ടവർ. പിടിയിലായവർ ചോദ്യം ചെയ്യലിൽ ഇത് സമ്മതിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാവിക ക്യാപ്റ്റൻമാരായ അമീർ ഹുസൈൻ സരായ്, അബ്ദുൽസമദ് ഖനവതി, നാവിക ലെഫ്റ്റനന്റ് അഹമ്മദ് ജംഷിദ് ഖോലം, സൈനിക ലെഫ്റ്റനന്റ് മുഹമ്മദ് ഹുസൈൻ എന്നിവരാണ് പിടിയിലായത്.
ഈ മാസം ആദ്യമാണ് ബുബിയാൻ ദ്വീപിൽ നിന്ന് ഇവർ പിടിയിലായത്. ദ്വീപിലേക്ക് നുഴഞ്ഞുകയറാൻ ഐ.ആർ.ജി.സി തങ്ങളെ ചുമതലപ്പെടുത്തിയതായി പിടിയിലായവർ സമ്മതിച്ചു. വാടകക്കെടുത്ത മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് കുവൈത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾക്കായാണ് ഇവരെ നിയോഗിച്ചത്.
ബുബിയാൻ ദ്വീപിൽ നിലയുറപ്പിച്ച കുവൈത്ത് സായുധ സേനയുമായുള്ള ഏറ്റുമുട്ടലിലും വെടിവെപ്പിലും ഒരു സായുധ സേനാംഗത്തിന് പരിക്കേറ്റു. നുഴഞ്ഞുകയറ്റ സംഘത്തിലെ രണ്ട് അംഗങ്ങൾ, നാവിക ലെഫ്റ്റനന്റ് മൻസൂർ കംബാരി, ബോട്ട് ക്യാപ്റ്റൻ അബ്ദുലാലി സിയമാരി എന്നിവർ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്നും മന്ത്രാലയം വിശദീകരിച്ചു.
കുവൈത്ത് ജലാതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം സായുധ സേന പരാജയപ്പെടുത്തിയതായും കടൽ വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തതായും മേയ് മൂന്നിന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്വാൻ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുവൈത്ത് വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.