കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയാലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് ദീർഘകാലത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും സംഭരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കരുതൽ ഭക്ഷ്യ ശേഖരം അത്യാവശ്യത്തിനുണ്ടെന്നും ക്ഷാമം അനുഭവപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലെന്ന നിലക്ക് അധിക സംഭരണം നടത്തിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കേണ്ടുന്ന സാഹചര്യം വന്നാൽ പോലും ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ സംവിധാനങ്ങൾ സജ്ജമാണ്.
നേരേത്ത കർഫ്യൂവും ലോക്ഡൗണും ഏർപ്പെടുത്തിയപ്പോഴത്തെ അനുഭവ സമ്പത്ത് ഇത്തരം സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്നതിന് അധികൃതർക്ക് കരുത്തേകും. കോവിഡ് നിയന്ത്രണാതീതമായാൽ മാത്രമാണ് കർഫ്യൂ ഏർപ്പെടുത്തുക. കഴിഞ്ഞ രണ്ടുദിവസമായി കേസുകൾ കുറഞ്ഞത് ആശ്വാസമാണ്. പൂർണമായ കർഫ്യൂ ഇപ്പോൾ പരിഗണനയിൽ പോലുമില്ല. ദേശീയ ദിനാഘോഷ ഭാഗമായി സ്വദേശികൾ വ്യാപകമായി പുറത്തിറങ്ങുന്നത് തടയാൻ ഭാഗിക കർഫ്യൂ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ചാണ് അടുത്തയാഴ്ച മന്ത്രിസഭ യോഗം ചർച്ച ചെയ്യാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.