പൊലീസ് സുരക്ഷ പരിശോധനയിൽ
കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും ഗതാഗത നിയമലംഘകരെയും ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പരിശോധന തുടരുന്നു. വെള്ളിയാഴ്ചയും പൊലീസ് പരിശോധന സജീവമായി.
മെഹ്ബൂല, ജലീബ് അൽ ശുയൂഖ്, ഖെയ്താൻ, ആർ.ടി.എ ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധനക്കെത്തി.
അർദിയയിൽ ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ വാഹന പരിശോധന നടന്നു. കാമ്പയിന്റെ ഫലമായി 600 നിയമലംഘനം രേഖപ്പെടുത്തിയതായി ബ്രിഗേഡിയർ ജനറൽ ഖാലിദ് മഹ്മൂദ് പറഞ്ഞു. താമസ നിയമം ലംഘിച്ച 10 പേരെ കസ്റ്റഡിയിലെടുത്തു. ഡെലിവറി ബൈക്ക് യാത്രികരുടെ പേരിൽ 70 ഓളം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാത്തതിനും ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കാത്തതിനുമാണ് ബൈക്ക് യാത്രക്കാർക്കെതിരെ നടപടിയെടുത്തത്. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിച്ച ആറ് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു.
താമസനിയമലംഘകരെ പിടികൂടുക, വാഹനങ്ങളുടെയും ബൈക്കുകളുടെയും ഡ്രൈവർമാരെ അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുക എന്നിവയാണ് സുരക്ഷ കാമ്പയിന്റെ ലക്ഷ്യം. രാജ്യത്തെ ആറു ഗവർണറേറ്റുകളിലും കാമ്പയിന്റെ ഭാഗമായുള്ള പരിശോധന തുടരുന്നുണ്ടെന്നും സുരക്ഷ പരിശോധനക്കിറങ്ങുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അഭ്യർഥിച്ചു. കാമ്പയിൻ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.