കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സറികൾ ജൂലൈയോടെ തുറക്കാൻ അധികൃതർ തയാറെടുപ്പ് ആരംഭിച്ചു. സ്വകാര്യ നഴ്സറികൾ ഉൾപ്പെടെ ആഗസ്റ്റിന് മുമ്പ് തുറക്കാനാണ് നീക്കം. ഇതിെൻറ ഭാഗമായി ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തും. നഴ്സറി ജീവനക്കാർക്ക് കുത്തിവെപ്പിൽ മുൻഗണന നൽകാൻ സാമൂഹികക്ഷേമ മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക പരിചരണം ലഭിക്കേണ്ട കുട്ടികൾക്ക് നഴ്സറികൾ തുറക്കാത്തതിനാൽ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നഴ്സറികളാണ് വേഗത്തിൽ തുറക്കേണ്ടത്.
പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കൾ. നേരേത്ത സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികൾക്ക് നഷ്ടമായി.
മുടങ്ങിയ സ്പീച്ച് തെറപ്പി ആദ്യം മുതൽ ആരംഭിക്കേണ്ട സ്ഥിതിയാണ്. സംസാര വൈകല്യം മുതൽ ഒാട്ടിസംവരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്. പ്രത്യേക പരിശീലനവും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും ഇവരിൽ മിനിമം ശേഷി വളർത്തിയെടുക്കാൻ സഹായിക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി സ്പെഷൽ സ്കൂളുകളിലും സ്പെഷൽ നഴ്സറികളിലും ലഭിക്കുന്ന പരിശീലനത്തിലൂടെയും പരിചരണത്തിലൂടെയും കൈവരും. കോവിഡ് പ്രതിസന്ധി നീണ്ടുപോയപ്പോൾ വീട്ടിലിരിക്കാൻ നിർബന്ധിതരാകുകയും കഴിവുകൾ നഷ്ടമാകുകയുമായിരുന്നു.
ഹൈപ്പർ ആക്ടിവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങൾ ഇവർ കാണിക്കുന്നു. പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. ഇക്കാരണം കൊണ്ടുതന്നെ സ്പെഷൽ സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ ഡിസംബറിൽ തുറന്നുനൽകി. എന്നാൽ, നഴ്സറികൾക്ക് തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.